‘കേരളത്തിലെ ജനങ്ങളെ ദേശീയ പണിമുടക്കിന്റെ പേരിൽ ദ്രോഹിക്കുന്നു, അപകട രാഷ്ട്രീയത്തിന്റെ ഉദാഹരണം’: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്ന് തെളിഞ്ഞു

കേരളത്തിൽ അല്ലാതെ രാജ്യത്ത് മറ്റൊരിടത്തും ജനജീവിതത്തെ യാതൊരു തരത്തിലും “ദേശീയ” പണിമുടക്ക് ബാധിച്ചിട്ടില്ല. കടംകേറി നെട്ടോട്ടമോടുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ പണിമുടക്ക് സൃഷ്ടിക്കുന്ന ആഘാതം. അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്ന സാധാരണക്കാരുടെ അന്നം മുടക്കിയതല്ലാതെ എന്ത് പ്രയോജനമാണ് പണിമുടക്ക് കൊണ്ട് നേടാനായതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ പ്രതിഷേധം ആണെങ്കിൽ അത് പ്രതിഫലിക്കേണ്ടത് ഡൽഹിയിലും ബിജെപി സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആയിരുന്നു. എന്നാൽ അവിടെയെല്ലാം പതിവുപോലെ തന്നെ എല്ലാ കാര്യങ്ങളും നടന്നു. പണിമുടക്ക് ഉണ്ടെന്ന് ജനങ്ങൾ അറിഞ്ഞിട്ടുപോലുമില്ല.

അതേസമയം കേരളത്തിൽ സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ ഗുണ്ടകളെപ്പോലെ പെരുമാറി സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും, ഡ്രൈവർമാരെയും, സർക്കാർ ജീവനക്കാരെയും ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നു. ജോലി ചെയ്യാൻ എത്തുന്നവരെ പോലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു.

ഇതാണ് ബിജെപി ഉയർത്തിക്കാട്ടിയ, കേരളത്തിലെ ജനങ്ങൾ നേരിടുന്ന “അപകട രാഷ്ട്രീയം”. പണിമുടക്കാൻ അവകാശമുള്ളതുപോലെ തന്നെ ജോലി ചെയ്യാനും അവകാശമുണ്ട് എന്നത് മറക്കരുത്. കേരളത്തിൽ ഇടതും വലതും മുന്നണികൾ ജനങ്ങളെ വഞ്ചിച്ച് നാടിനെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇന്നത്തെ പണിമുടക്ക്. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ എന്നും രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*