
കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു. നടപടിയെടുത്തില്ലെങ്കില്‍ ടോള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത റോഡില്‍ യാത്രക്കാര്‍ ടോള്‍ നല്‍കുന്നത് എന്തിനാണെന്നു കോടതി ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. യാത്രക്കാര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ടോള്‍ പിരിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം. റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിറ്റി വീഴ്ച വരുത്തി. പൊതുവിശ്വാസത്തിന്റെ പേരിലാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. സഞ്ചാരയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണ് റോഡെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും കോടതി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 16ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ടോള്‍ നിര്‍ത്താതിരിക്കാന്‍ ദേശീയപാത അതോറിറ്റി കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണമെന്നായിരുന്നു അതോറിറ്റിയുടെ ആവശ്യം. കോടതിക്ക് സ്വീകാര്യമായ ന്യായമായ പരിഹാരമാര്‍ഗം അറിയിക്കാം. 65 കിലോമീറ്റര്‍ പാത ഉപയോഗിക്കുന്നതിനാണ് ടോള്‍. പണി നടക്കുന്നത് 4.8 കിലോമീറ്ററിലാണ്. ടോള്‍ റോഡില്‍ വരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ടോള്‍ നല്‍കുന്നതിന് പകരം സമാന്തര റോഡുകള്‍ ഉപയോഗിക്കാവുന്നതാണെന്ന് അറിയിച്ചു. എന്നാല്‍ 4.8 കിലോമീറ്റര്‍ അല്ല, പാലിയേക്കര മുതല്‍ അങ്കമാലി വരെ പ്രശ്‌നമുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്.
Be the first to comment