സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍മാരില്ല. കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സര്‍വകലാശാലയില്‍ വന്ന കുട്ടികളെയും മര്‍ദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോള്‍ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.

എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയുമില്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പ്രത്യേകിച്ചും, കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള ട്രെന്‍ഡ് നിലനില്‍ക്കുന്ന കാലഘട്ടത്തില്‍, സര്‍വകലാശാലകളിലെ സംഘര്‍ഷം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കും. ഈ സമരം തീര്‍ക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

സെനറ്റ് ഹാളില്‍ ഒരു പരിപാടി നടന്നതുമായി ബന്ധപ്പെട്ട നിസ്സാര പ്രശ്‌നമാണ് ഈ അവസ്ഥയിലെത്തിയത്. പ്രശ്‌നം ഉണ്ടായാല്‍ അതു പരിഹരിക്കുകയല്ലേ വേണ്ടത്. അത് സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് പോകുകയാണ്. മുഖ്യമന്ത്രി ചാന്‍സലറായ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതിയാണ് പുറത്തു വന്നിരിക്കുന്നത്. വിസി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നടത്തുന്ന ഗ്രഫീന്‍ അറോറ എന്ന പദ്ധതിയുടെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞതിനുശേഷമാണ് ഒരു പുതിയ കമ്പനി രൂപീകരിക്കുന്നത്. വിഡി സതീശന്‍ പറഞ്ഞു.

ഉത്തരവ് ഇറങ്ങിക്കഴിഞ്ഞശേഷം ഉണ്ടാക്കിയ കമ്പനിക്കു കരാര്‍ കൊടുക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അഡ്വാന്‍സ് കൊടുക്കുകയും ചെയ്യുകയാണ്. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടാണിത്. അധ്യാപകര്‍ സ്വന്തമായി കമ്പനിയുണ്ടാക്കി പ്രോജക്ട് ഉണ്ടാക്കുകയാണ്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ സ്ഥലം മുഴുവന്‍ ദുരുപയോഗം ചെയ്തുകൊണ്ട് പണം ഉണ്ടാക്കുകയാണ് കുറേയാളുകള്‍. ഗ്രഫീന്‍ എഞ്ചിനീയറിങ് ആന്റ് ഇന്നവേഷന്‍ എന്ന കമ്പനിക്കാണ് പ്രോജക്ട് നടപ്പാക്കാന്‍ കരാര്‍ കൊടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചാല്‍ മനസ്സിലാകും. ഇതൊന്നും വെറുതെ കൊടുത്തതല്ല. വേണ്ടപ്പെട്ട ആളുകളൊക്കെ ആ കമ്പനിയിലുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*