
കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം പരിഹാരമില്ലാതെ മുന്നോട്ടേക്ക് പോവുകയാണ്. തര്‍ക്കം രൂക്ഷമായതോടെ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാര്‍ക്ക് സംരക്ഷണ കവചം ഒരുക്കിയിരിക്കുന്ന സിന്‍ഡിക്കേറ്റിനെതിരെ രാജ്ഭവന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉത്കണ്ഠയോടെ നിരീക്ഷിക്കുന്നത്.
രണ്ട് രജിസ്ട്രാര്‍മാരും ഒരുപോലെ സര്‍വകലാശാലയില്‍ അധികാരത്തില്‍ തുടരുന്നത് വി സി ഉടന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ വിവരം ധരിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ്. വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് വി സിയുടെ പ്രധാന ആവശ്യം. ഫയലുകള്‍ അയക്കരുതെന്ന ഉത്തരവ് രണ്ടാം ദിവസവും ഫലം കാണാത്തതോടെയാണ് കടുത്ത നിലപാടിലേക്ക് വി സി നീങ്ങുന്നത്. ഇതോടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കയാണ്.
ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് കേരള സര്‍വകലാശാലയെ അവതാളത്തിലാക്കിയത്. പുതിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളാണ് താളം തെറ്റിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍കുതിപ്പിന് തയ്യാറെടുക്കുന്ന ഒരു സംസ്ഥാനത്താണ് സര്‍വകലാശാല കേവലം രാഷ്ട്രീയ വൈരത്തിന്റെ വിളനിലമായി മാറുന്നത്.
കേരള സര്‍വകലാശാല വി സി പ്രോഫ. മോഹന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐയും ഡി വൈ എഫ് ഐയും കടുത്ത സമരത്തിലാണ്. വി സി ആര്‍ എസ് എസുകാരനാണെന്നും, സര്‍വകലാശാലയെ കാവി വല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് എസ് എഫ് ഐയുടെ ആരോപണം. അവധിയിലായിരുന്ന വി സി കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലയില്‍ വീണ്ടും ചുമതല ഏറ്റത്. എസ് എഫ് ഐയും ഇടതു സംഘനടകളും വി സി ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തതും, വി സി പകരം രജിസ്ട്രാറെ നിയമിച്ചതും രാഷ്ട്രീയ പോരാട്ടത്തിന് കരുത്തുപകര്‍ന്നിരിക്കയാണ്. ഇരുവിഭാഗവും ചെറുത്തുനില്‍പ്പും, നിസ്സഹകരണവും തുടരുന്നത് വിദ്യാര്‍ത്ഥികളേയും ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ സര്‍വകലാശാലയെ രാഷ്ട്രീയ പരീക്ഷണശാലയാക്കുന്നതില്‍ നേതാക്കള്‍ മത്സരിക്കുകയാണെന്നാണ് ആരോപണം.
കേരള സര്‍വകലാശാല പലപ്പോഴും രാഷ്ട്രീയ പരീക്ഷണശാലയിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ജെ വി വിളനിലം സമരമായിരുന്നു. കേരള സര്‍വകലാശാല വി സി യായിരുന്ന പ്രൊഫ. ജെ വി വിളനിലത്തിന്റെ യോഗ്യത വ്യാജമാണെന്നാരോപിച്ച് എസ് എഫ് ഐയും ഡി വൈ എഫ് ഐയും തിരുവനന്തപുരം നഗരത്തെ യുദ്ധഭൂമിയാക്കി. കേരള സര്‍വകലാശാല വളപ്പില്‍ അന്ന് സമരക്കാര്‍ കത്തിച്ച വാഹനങ്ങള്‍ സമീപകാലംവരെ സ്മാരകമായി കിടപ്പുണ്ടായിരുന്നു.
കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ കാലത്തായിരുന്നു വിളനിലം കേരള സര്‍വകലാശാല വി സിയായിരുന്നത്. സമരം മുറുകിയപ്പോള്‍ ആറുമാസക്കാലം വി സി അവധിയില്‍ പോവേണ്ടിവന്നു. ഭരണവും ഉന്നത വിദ്യാഭ്യാസ വകുപ്പും ഇന്ന് സി പി ഐ എമ്മിന്റെ കൈകളിലാണ്. അതിനാല്‍ അക്രമം തെരുവിലേക്ക് പടരില്ലെന്നും, വാഹനങ്ങള്‍ക്ക് തീയിടില്ലെന്നും പ്രത്യാശിക്കാമെങ്കിലും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ഈ പ്രക്ഷോഭ സമരം സാരമായി ബാധിച്ചിരിക്കയാണ്.
ചാന്‍സിലര്‍കൂടിയായ ഗവര്‍ണറെ അവഹേളിച്ചതിന്റെ പേരില്‍ സര്‍വകലാശാല രജിസ്ട്രാറെ വി സി സസ്‌പെൻഡ് ചെയ്യുന്നു. എന്നാല്‍ ഭരണാനുകൂലസംഘടനാ പ്രതിനിധിയായ രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തിരിച്ചെടുക്കുന്നു. എന്നാല്‍ നിയമപരമായി സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് വി സി പ്രഖ്യാപിക്കുന്നു. ഇതോടെ നിയമ യുദ്ധത്തിന് തുടക്കമായി. ആര്‍ക്കാണ് സര്‍വകലാശാലയുടെ അധികാരം ? ചാന്‍സിലര്‍ക്കാണോ, അതോ വി സിക്കാണോ, അതുമല്ല സിന്‍ഡിക്കേറ്റിനാണോ? സസ്പന്‍ഷനിലായ കെ എസ് അനില്‍കുമാര്‍ രണ്ടാം ദിവസവും സര്‍വകലാശാല ആസ്ഥാനത്ത് എത്തുകയും ഫയലുകളില്‍ ഒപ്പിടുകയും ചെയ്യുന്നുണ്ട്. വി സി നിയമിച്ച രജിസ്ട്രാര്‍ മിനി കാപ്പനും സര്‍വകലാശാലാ ആസ്ഥാനത്ത് ഫയലുകള്‍ നോക്കുകയും ഒപ്പിടുകയും ചെയ്യുന്നുണ്ട്. ഇത് പിന്നീട് വലിയ നിയമപ്രതിസന്ധിക്ക് വഴിയൊരുക്കും.
സിന്‍ഡിക്കേറ്റിന്റെ തീരുമാനം അംഗീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരു ഭാഗത്തും വി സിയെ അംഗീകരിക്കുന്ന ഉദ്യോഗസ്ഥര്‍ മറുഭാഗത്തും അണിനിരന്നതോടെ സര്‍വകലാശാല ആസ്ഥാനം യുദ്ധസമാനമായിരിക്കുകയാണ്. പുറത്ത് എസ് എഫ് ഐയും മറ്റു ഇടതു സംഘടനകളും പ്രത്യക്ഷ സമരത്തിലാണ്. ഇതേസമയം വി സി സസ്‌പെൻഡ് ചെയ്ത രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ചാന്‍സിലറെ ഇടപെടുത്താനുള്ള നീക്കവും ആരംഭിച്ചിരിക്കയാണ്.
കേരള സര്‍വകലാശാലയിലെ സംഭവവികാസങ്ങളില്‍ ഇതുവരെ രാജ്ഭവന്‍ പ്രതികരിച്ചിട്ടില്ല. സിന്‍ഡിക്കേറ്റ് പിരിച്ചുവിടുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കുണ്ട്. എന്നാല്‍ അത്തരം കടുത്ത നടപടികളേക്ക് കടന്നാല്‍ അത് കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിയൊരുങ്ങും. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വഴിയല്ല രാജേന്ദ്ര ആര്‍ലേക്കറുടേത്. പരസ്യപ്രതികരണത്തില്‍ നിന്നും വഴിമാറി സഞ്ചരിക്കുകയാണ് ഗവര്‍ണറുടെ നിലപാട്. അതേസമയം അജണ്ടകള്‍ വി സി മാരെ വച്ച് നടപ്പാക്കുകയും ചെയ്യുകയാണ്.
സിന്‍ഡിക്കേറ്റ്, സെനറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത തെരുവില്‍ എത്തുകയും കണ്ണൂര്‍ സര്‍വകലാശാല വി സിയായിരുന്ന ഗോപിനാഥ് രവീന്ദ്രനെ രണ്ടാമതും വി സി യായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പുമായും സര്‍ക്കാരുമായും ഗവര്‍ണര്‍ പരസ്യ പോരാട്ടം നടന്നതും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. ഇതേ തുടര്‍ന്നാണ് ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിയമം പാസാക്കിയത്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെ നിയമം നടപ്പാക്കാന്‍ കഴിഞ്ഞില്ല. ചാന്‍സിലര്‍ പദവി മുഖ്യമന്ത്രിക്ക് നല്‍കുന്നതായിരുന്നു നിയമം.
കേരളത്തില്‍ നിന്നും ഉന്നത പഠനത്തിനായി നിരവധി വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് ഓരോ ദിവസവും പോവുന്നത്. സംസ്ഥാനം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായിമാറുമെന്നും, വിദേശത്തുനിന്നടക്കം നമ്മുടെ സര്‍വകലാശാലയിലേക്ക് പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ എത്തുമെന്ന വാക്‌ദോരണികള്‍ മുഴങ്ങുന്നതിന് ഇടയിലാണ് കേരള സര്‍വകലാശാല രാജ്യത്തിന് മുന്നില്‍ നാണം കെട്ടു നില്‍ക്കുന്നത്.
Be the first to comment