
എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായി മരിച്ച വിദ്യാർഥി ജെ എസ് സിദ്ധാര്‍ഥൻ്റെ കുടുംബത്തിന് നല്‍കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച നഷ്‌ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രിയിൽ സര്‍ക്കാര്‍ കെട്ടിവച്ചു. ഹൈക്കോടതി നേരത്തെ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തുക സർക്കാർ കെട്ടിവച്ചത്. ജൂലൈ നാലിന് തന്നെ തുക കെട്ടിവെച്ചുവെന്ന് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിൻ്റെ ഹര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയ സന്ദീപ് വചസ്‌പതിക്കും സിദ്ധാര്‍ഥൻ്റെ കുടുംബത്തിനും ഹൈക്കോടതി നോട്ടീസയച്ചു. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ മറുപടി നല്‍കണം.
സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ ഉത്തരവ് ചോദ്യം ചെയ്‌ത് സർക്കാർ നൽകിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി. സന്ദീപ് വചസ്‌പതി കേസുമായി നേരിട്ട് ബന്ധമില്ലാത്ത ആളായതുകൊണ്ട് സന്ദീപിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നഷ്‌ടപരിഹാര ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ വാദം.
നഷ്‌ടപരിഹാരത്തുക നല്‍കാന്‍ കഴിഞ്ഞ നവംബറിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ഹര്‍ജി നല്‍കാന്‍ വൈകിയതിലുള്ള കാരണം ഓഗസ്റ്റ് എട്ടിന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെഎസ് സിദ്ധാര്‍ഥനെ 2024 ഫെബ്രുവരി 18നാണ് സർവകലാശാല ഹോസ്‌റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എഫ്ഐ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്ങിനെയും മർദനത്തെയും തുടർന്നായിരുന്നു സിദ്ധാര്‍ഥൻ്റെ മരണം. എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആൻ്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. പലതവണ മുറിയില്‍വച്ചു നഗ്‌നനാക്കി റാഗ് ചെയ്തിരുന്നതായി സിദ്ധാര്‍ഥന്‍ പറഞ്ഞിരുന്നെനന്് സഹപാഠി ആൻ്റി റാഗിങ്ങ് സ്‌ക്വാഡിനു മൊഴി നല്‍കിയിരുന്നു.
ഫെബ്രുവരി 15ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരികെ ക്യാംപസിലേക്ക് വിളിച്ചു വരുത്തി സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു. 16ന് രാവിലെ ക്യാംപസിൽ എത്തിയതു മുതൽ സിദ്ധാർഥൻ തുടർച്ചയായി മര്‍ദനത്തിന് ഇരയായിരുന്നതായി ആന്‍റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാംപസിന്‍റെയും ഹോസ്‌റ്റലിന്‍റെയും പല ഭാഗത്തും കൊണ്ടുപോയി മർദിച്ചു, അടിവസ്ത്രം മാത്രം ധരിച്ച് മാത്രം ധരിച്ച് നിൽക്കുന്ന സിദ്ധാർഥനെ മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ ചെയ്തു. തൊട്ടു പിന്നാലെയായിരുന്നു സിദ്ധാര്‍ഥൻ്റെ മരണം.
Be the first to comment