ഉറക്കം ആറ് മണിക്കൂറില്‍ താഴെ മാത്രമാണോ? നിങ്ങള്‍ താറുമാറാക്കുന്നത് കണ്ണുകളുടെ ആരോഗ്യം കൂടിയാണ്

ഉറക്കക്കുറവ് പലവിധത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ വളരെ വേഗത്തില്‍ തകരാറിലാകുന്നതും നമ്മള്‍ അടിയന്തര ശ്രദ്ധ കൊടുക്കേണ്ടതുമായ കണ്ണുകളുടെ ആരോഗ്യവും പെടും. ദിവസവും ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്ക് താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. 

കണ്ണുകള്‍ വരണ്ട അവസ്ഥ

ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഈര്‍പ്പം കണ്ണില്‍ ഉണ്ടാകാതെ വരും. ഇത് കണ്ണിന് പെട്ടെന്ന് അസ്വസ്ഥതയുണ്ടാകാനും മുറിവുകളുണ്ടാകാനും കണ്ണുനീറാനും കാരണമാകും. കണ്ണില്‍ എന്തോ പറ്റിയിരിക്കുന്നതുപോലെ സദാ തോന്നും. ഉറക്കം ശ്രദ്ധിക്കാതെയിരുന്നാല്‍ ഈ അവസ്ഥ കൂടുതല്‍ ഗുരുതരമാകും.

മയോകീമിയ

കണ്‍പോളകള്‍ ഇടയ്ക്കിടെ തുടിക്കുന്നതായും വിറകൊള്ളുന്നതായും നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ലേ? ഇതിനെ മയോകീമിയ എന്നാണ് പറയുന്നത്. പൊതുവേ മയോകീമിയയെ ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കല്‍, സ്‌ട്രെസ് വര്‍ധിക്കല്‍, കണ്ണിന് ആവശ്യത്തിന് വിശ്രമമില്ലാതിരിക്കല്‍ മുതലായ സന്ദര്‍ശങ്ങളില്‍ മയോകീമിയ വര്‍ധിക്കും. മയോകീമിയ ഏറെക്കാലം നീണ്ടുനില്‍ക്കുകയും വേദന ഉള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും ചെയ്ത് തുടങ്ങിയാല്‍ ഡോക്ടറെ സമീപിക്കണം.

കണ്‍തടങ്ങളിലെ കറുപ്പ്

ഉറക്കമില്ലായ്മയുടെ ഒരു പ്രകടമായ സൂചനയാണ് കണ്‍തടങ്ങളില്‍ വരുന്ന കറുപ്പ്. നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ കണ്ണിന് ചുറ്റും കാണപ്പെടുന്ന രക്തക്കുഴലുകള്‍ ഇതിനോട് പ്രതികരിക്കുകയും അവയുടെ നിറം ഇരുണ്ടതാകുകയും ചെയ്യുന്നതാണ് കണ്‍തടങ്ങളില്‍ കറുത്ത പാടുകളായി അവശേഷിക്കുന്നത്.

കാഴ്ചയ്ക്ക് തെളിച്ചക്കുറവ്

നിരന്തരം സ്‌ക്രീനിലും മറ്റും നോക്കുന്ന ജോലിയുള്ളവര്‍ തങ്ങളുടെ കണ്ണുകള്‍ക്ക് ഓരോ മണിക്കൂര്‍ കൂടുമ്പോഴും അല്‍പമെങ്കിലും വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. ഒപ്പം ആവശ്യത്തിന് ഉറങ്ങുകയും വേണം. കണ്ണുകള്‍ക്ക് മതിയായ വിശ്രമം ലഭിക്കാതിരുന്നാല്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടാകുകയും ഒരു വസ്തു ശ്രദ്ധിച്ച് നോക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.

അണുബാധയുണ്ടാകാന്‍ സാധ്യതയേറുന്നു

പൊടി, വിവിധതരം ബാക്ടീരിയകള്‍ മുതലാവയ മൂലം കണ്ണുകള്‍ക്ക് പലവിധത്തിലുള്ള അണുബാധകളുമുണ്ടാകാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധകള്‍ ഗുരുതരവുമായേക്കാം. കണ്ണുകള്‍ക്ക് മതിയായ വിശ്രമം നല്‍കിയില്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെ വര്‍ധിക്കും.

കണ്ണുകളിലെ തടിപ്പ്, കണ്ണുകള്‍ വീര്‍ത്തുവരല്‍

ഉറക്കക്കുറവ് കൊണ്ട് കണ്ണില്‍ കാണുന്ന മറ്റൊരു പ്രകടമായ ലക്ഷണമാണ് കണ്ണുകള്‍ വീര്‍ത്തുവരല്‍. കണ്ണുകള്‍ക്ക് മതിയായ വിശ്രമം ലഭിക്കാതെ വരുമ്പോള്‍ കണ്ണിന് ചുറ്റുമുള്ള ശരീര സ്രവങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നതാണ് ഇതിന് കാരണം. ഉറക്കക്കുറവ് മാത്രമല്ല ഉപ്പിന്റെ അമിത ഉപയോഗവും പ്രായാധിക്യവും നിര്‍ജലീകരണവുമെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം. eye

Be the first to comment

Leave a Reply

Your email address will not be published.


*