ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം. 

ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി നിരവധി ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യം ഇല്ലാതാകും. AIയുടെ ശക്തി ഉപയോഗിച്ച് വെബ് ബ്രൗസിംഗ് കൂടുതൽ എളുപ്പവും വേഗവുമാക്കുകയാണ് ഓപ്പൺ എഐയുടെ ലക്ഷ്യം.

സാധാരണ വെബ് ബ്രൗസറുകളും സെർച്ച് എഞ്ചിനുകളും വെബ് പേജുകളിലേക്കുള്ള ഒരു ഇടനിലക്കാർ മാത്രമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കഴിവുകൾ സമന്വയിപ്പിച്ചായിരിക്കും എത്തുക. ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, വെബ് പേജുകളുടെ സംഗ്രഹം കാണുക തുടങ്ങിയ കാര്യങ്ങൾ ബ്രൗസർ വിൻഡോയിൽ നിന്ന് പുറത്തുപോകാതെ തന്നെ ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ലളിതവും കാര്യക്ഷമവുമായ വെബ് അനുഭവം നൽകാൻ സഹായിക്കും.

ഓപ്പൺ സോഴ്‌സ് കോഡായ ക്രോമിയം അടിസ്ഥാനമാക്കിയാണ് ഓപ്പൺ എഐ ബ്രൗസർ നിർമ്മിക്കുന്നത്. നിലവിൽ ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ തുടങ്ങിയ പ്രമുഖ ബ്രൗസറുകളെല്ലാം ക്രോമിയത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, നിലവിലുള്ള വെബ് ബ്രൗസറുകളിൽ ലഭിക്കുന്ന എല്ലാ സൈറ്റുകളും എക്സ്റ്റൻഷനുകളും ഓപ്പൺ എഐ ബ്രൗസറിലും ഉപയോഗിക്കാൻ സാധിക്കും. ഗൂഗിൾ ക്രോം ബ്രൗസറിന് വേണ്ടി പ്രവർത്തിച്ചിരുന്ന ഗൂഗിളിലെ ഒരു മുൻ ഉദ്യോഗസ്ഥനും ഓപ്പൺ എഐയുടെ ബ്രൗസർ ടീമിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഇത് ഈ ബ്രൗസറിൻ്റെ പ്രവർത്തനക്ഷമതയെയും മത്സരശേഷിയെയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ചാറ്റ് ജിപിടി എഐ ചാറ്റ്‌ബോട്ട് പുറത്തിറങ്ങിയപ്പോൾ മുതൽ ഗൂഗിളിൻ്റെ സെർച്ച് എഞ്ചിൻ വിപണിക്ക് ഓപ്പൺ എഐ ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആ വിലയിരുത്തലുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള ഓപ്പൺ എഐയുടെ ഓരോ ചുവടുവെപ്പുകളും. ചാറ്റ് ജിപിടിയിൽ വെബ് സെർച്ച് ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*