‘ പാദപൂജയും ഗുരുഭക്തിയും രണ്ടാണ്; ഗുരുവിനോട് ആദരവ് പ്രകടിപ്പിക്കുന്നത് കാല് കഴുകിച്ചല്ല’; മന്ത്രി വി എന്‍ വാസവന്‍

സ്‌കൂളുകളിലെ പാദപൂജയില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. മതനിരപേക്ഷതയുടെ പാരമ്പര്യമുള്ള കേരളത്തില്‍ പാദപൂജ നടക്കാന്‍ പാടില്ലെന്നും പാദ പൂജയും ഗുരുഭക്തിയും രണ്ടാണെന്നും വിഎന്‍ വാസവന്‍  പറഞ്ഞു.

കേരളം മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ്. മലയാളികള്‍ ആ സമ്പന്നമായ സാസംസ്‌കാരിക രൂപം ഉയര്‍ത്തിപ്പിടിച്ച് മതേതര ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ അതിന് യോജിക്കാത്ത തരത്തിലുള്ള നീക്കമാണ് ഈ പാദപൂജ. പാദ പൂജയും ഗുരുഭക്തിയും രണ്ടാണ്. യഥാര്‍ഥത്തില്‍ ഗുരുവിനോട് ആദരവ് പ്രകടിപ്പിക്കുന്നത് കാല് കഴുകിയിട്ടല്ല. മറിച്ച് മനുഷ്യന്റെ മനസില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന സ്‌നേഹാദരവുകളാണ് ഗുരുവിനോടുള്ള ഭക്തി. അത് എല്ലാ ശിഷ്യഗണങ്ങള്‍ക്കും ഗുരുവിനോടുണ്ട്. ആ ഗുരു പിഞ്ചുകുഞ്ഞുങ്ങളെ പിടിച്ച് കാല് കഴുകിക്കുക എന്ന് പറഞ്ഞാല്‍ അങ്ങേയറ്റം അപമാനകരമാണ്. സംസ്‌കാരശൂന്യമായ പ്രവര്‍ത്തിയാണ് – അദ്ദേഹം പറഞ്ഞു.

മാതൃകയായി മാറേണ്ടതാണ് അധ്യാപകരെന്നും എന്താണ് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയെന്ന് കാല് കഴുകിച്ചല്ല ബോധ്യപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇങ്ങനെയൊരു പ്രവര്‍ത്തി നടന്നുകൂടെന്നും നിരാകരിക്കപ്പെടേണ്ടതാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിജെപി നേതാവിന് പാദപൂജ ചടങ്ങ് നടത്തിയ ആലപ്പുഴ നൂറനാട് വിവേകാനന്ദ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും. മാവേലിക്കര വിദ്യാധിരാജ സ്‌കൂളിലേക്ക് എ ഐ എസ് എഫും പ്രതിഷേധ മാര്‍ച്ച് നടത്തും. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന് വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ചിനെ പ്രതിരോധിക്കുമെന്നാണ് ബിജെപിയുടെ നിലപാട്. സ്‌കൂളിന് സംരക്ഷണം നല്‍കുമെന്നും ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*