സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി വീട്ടമ്മമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട്, പാമോയിലിനും സണ്‍ഫ്‌ലവര്‍ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിപണിയില്‍ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. വിലക്കയറ്റം ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഇത്തവണത്തെ ഓണസദ്യയില്‍ വെളിച്ചെണ്ണയില്‍ പാകം ചെയ്ത ഇനങ്ങളുടെ അളവും കുറയാനാണ് സാധ്യത.

Be the first to comment

Leave a Reply

Your email address will not be published.


*