
തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര ഹോം.
എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. അന്വേഷണം നടത്തി മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുളൂ. കുട്ടികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കമ്മീഷൻ തയ്യാറല്ലെന്നും ഏതെങ്കിലും തരത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടിയെടുക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ പറഞ്ഞു.
പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൂപ്രണ്ടിനോട് ചോദിച്ചറിയുകയാണ്.കുട്ടികളെ ഇന്ന് ആശുപത്രിയിൽ എത്തി കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കൗൺസിലിംഗ് നടത്തിയ ആളിൽ നിന്നും റിപ്പോർട്ട് തേടുമെന്നും എൻ സുനന്ദ കൂട്ടിച്ചേർത്തു.
എന്നാൽ ശ്രീചിത്ര ഹോമിൽ കുട്ടികൾക്ക് നേരെ പീഡനം ഉണ്ടായിട്ടില്ലെന്നാണ് സൂപ്രണ്ട് വി ബിന്ദുവിന്റെ വാദം. കുട്ടികൾ ആത്മഹത്യ ചെയ്യാനായി ഗുളിക വിഴുങ്ങിയിരുന്നു. രണ്ടും മൂന്നും ആഴ്ച മുമ്പ് വന്ന കുട്ടികൾ വീട്ടിൽ പോകണമെന്ന് നിരന്തരം പറയുമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി കളിയാക്കിയെന്നും
ഈ കാരണം കൊണ്ടാകാം ഇവർ ഗുളികകൾ വിഴുങ്ങിയതെന്നും സൂപ്രണ്ട് പറഞ്ഞു.
പാരസെറ്റമോളും വിറ്റാമിൻ ഗുളികകളുമാണ് കുട്ടികൾ വിഴുങ്ങിയത്. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ 14 -ാം വാർഡിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ച കുട്ടികളെ ഇന്നലെ രാത്രിയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികളുടെ പരാതി. വിഷയത്തിൽ ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കുട്ടികളുടെ പരാതിയിൽ പറയുന്നു.
Be the first to comment