
കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നു. സ്കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി.
മിഥുന്റെ ജീവനെടുത്ത അപകടത്തിൽ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാർ വീഴ്ച സമ്മതിച്ചു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെയുള്ള വൈദ്യുത ലൈനിന് തറയിൽ നിന്നും, ഇരുമ്പ് ഷീറ്റിൽ നിന്നും ആവശ്യത്തിന് ഉയരം ഉണ്ടായിരുന്നില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്. അനാസ്ഥ ഉണ്ടായെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിശദ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ലൈനിന് അടിയിൽ നിർമ്മാണ പ്രവർത്തി നടത്തുന്നതിൽ സ്കൂളിന് വീഴ്ച വരുത്തി. ഷെഡ്ഡ് നിർമ്മിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോ സംശയമാണെന്നും കെഎസ്ഇബി റിപ്പോർട്ടിൽ പറയുന്നു. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന സ്കൂളിന്റെ എട്ട് വർഷം മുമ്പുള്ള ചിത്രത്തിലും വൈദ്യുത ലൈൻ താഴ്ന്നുപോകുന്നത് കാണാം.
അതേസമയം, മിഥുന്റെ അമ്മ സുജ മറ്റന്നാൾ നാട്ടിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജയെ മിഥുന്റെ മരണ വിവരം അറിയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് തുർക്കിയിൽ നിന്ന് ഇവർ കുവൈറ്റിൽ എത്തും. ശനിയാഴ്ച രാവിലെയായിരിക്കും തിരുവനന്തപുരത്ത് എത്തുക. മിഥുന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Be the first to comment