സാങ്കേതിക തകരാർ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം 22 ന് മടങ്ങും

ബ്രിട്ടീഷ് യുദ്ധവിമാനംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 22 ന് മടങ്ങും. 22നോ 23നോ മടക്കയാത്ര ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചു. ഇന്ധനം നിറച്ച ശേഷമുള്ള പരിശോധനയും തൃപ്തികരം. ബ്രിട്ടീഷ് നാവികസേന മേധാവിയുടെ അനുമതിയാണ് ബാക്കിയുള്ളതെന്നും അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാൻ എത്തിയ ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്ത് തുടരുന്നുണ്ട്.

ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എൻജിൻ്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്.

പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്.ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*