
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കോണ്‍ഗ്രസ് നേതാക്കളെയും വാനോളം പുകഴ്ത്തി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ നടന്ന പൊതുചടങ്ങിലെ സ്വാഗത പ്രസംഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പരാമര്‍ശം. കേരളത്തിന്റെ നിയമസഭയിലെ പാവപ്പെട്ടവരുടെ ശബ്ദം എന്നാണ് പ്രതിപക്ഷ നേതാവിനെ ചാണ്ടി ഉമ്മന്‍ വിശേഷിപ്പിച്ചത്. നിരന്തരം ആരോപണങ്ങള്‍ നേരിട്ടപ്പോഴും ഒരു ആരോപണം പോലും ആര്‍ക്കുമെതിരെയും ഉന്നയിക്കാത്ത വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ഇത്തരത്തില്‍ അധാര്‍മികമായ ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കാന്‍ മുതിരാത്ത വ്യക്തിയാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ് എന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തില്‍ സജീവമായ 52 വര്‍ഷക്കാലം കേരള ജനത ഉമ്മന്‍ ചാണ്ടിയെ ചേര്‍ത്തുനിര്‍ത്തി. അദ്ദേഹം മരിച്ച രണ്ട് വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നു. കഴിഞ്ഞ 55 വര്‍ഷമായി കേരള ജനതയുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുണ്ടെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പിന്നാലെയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും രാഹുല്‍ ഗാന്ധിയെയും പുകഴ്ത്തിയുള്ള പരമാര്‍ശം. തന്റെ പിതാവിനെ അനുസ്മരിപ്പിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് അദ്ദേഹത്തിന്റെ സമകാലികനായ രമേശ് ചെന്നിത്തലയ്ക്കുള്ളത് എന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു.
പുതപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് മുഖ്യാതിഥി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി രാഷ്ട്രീയ മത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
Be the first to comment