‘അതു ഞങ്ങളുടെ രീതിയല്ല, എന്താണ് നടന്നതെന്ന് പരിശോധിക്കും’; കണ്ണൂരിലെ ശിലാഫലക വിവാദത്തില്‍ മന്ത്രി റിയാസ്

കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റിസ്ഥാപിച്ചെന്ന് ആരോപണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ ഡി ടി പി സിയുടെ കീഴിലുള്ള സീവ്യൂ പാര്‍ക്കില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ നവീകരണ പ്രവര്‍ത്തനത്തിന്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത അതേ പദ്ധതി ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തെന്ന് ആരോപിച്ച് കണ്ണൂര്‍ കോണ്‍ഗ്രസ് ഘടകം ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം. പുതിയ ശിലാഫലകം സ്ഥാപിച്ചത് അല്‍പ്പത്തരത്തിന്റെ അങ്ങേയറ്റമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

2022 മാര്‍ച്ച് ആറിനാണ് വീണ്ടും നവീകരിച്ച സീവ്യൂ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്‌ക്കരിക്കുന്ന രീതി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

2015 മെയ് 15ന് നടന്ന ഉദ്ഘാടന ചടങ്ങിന്റെ ശിലാഫലകം അടര്‍ത്തിയെടുത്ത് മാറ്റി അതേ സ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത്. ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല്‍ ചൂലെടുത്തു വെച്ച നിലയില്‍ കണ്ടെത്തിയെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് വ്യക്തമാക്കണം. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ വെച്ചിട്ടുണ്ട്. ഇതു തകര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയതാല്‍ ഇവിടെ തന്നെ പുന:സ്ഥാപിക്കുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*