നിമിഷ പ്രിയ മോചനം: കേന്ദ്രത്തിൻ്റെ നിലപാട് തള്ളി സുപ്രീം കോടതി; നയതന്ത്ര സംഘത്തെ നിയോഗിക്കാൻ അനുമതി

എറണാകുളം: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് തള്ളിയാണ് കോടതി നടപടി സ്വീകരിച്ചത്. നിമിഷയുടെ മോചന ശ്രമങ്ങളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പങ്ക് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായുള്ള പ്രതിനിധി സംഘത്തിൻ്റെ യെമനിലേക്കുള്ള യാത്രാനുമതിക്കായി ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കൗൺസിലിൻ്റെ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനും ദയാധന ചർച്ചകൾ നടത്താനും ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. ഇതിൽ രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളാകണം. രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന കാന്തപുരത്തിൻ്റെ പ്രതിനിധികളായിരിക്കണം. രണ്ടുപേർ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരാകണം എന്നാണ് നിർദേശം.

ആക്ഷൻ കൗൺസിൽ പ്രതിനിധികളായി അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ (സുപ്രീം കോടതി അഭിഭാഷകൻ, കൗൺസിൽ നിയമോപദേഷ്ടാവ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗൺസിൽ ട്രഷറർ) എന്നിവരെയാണ് നിർദേശിച്ചത്. മർകസ് പ്രതിനിധികളായി അഡ്വ ഹുസൈൻ സഖാഫി (അന്താരാഷ്ട്ര തലത്തിൽ ഇടപെടുന്ന മുസ്‌ലിം പണ്ഡിതൻ), ഹാമിദ് (യെമൻ ബന്ധമുള്ള വ്യക്തി) എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

കേന്ദ്രത്തിൻ്റെ നിലപാടും കോടതിയുടെ പ്രതികരണവും

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചതായും കേസ് അടിയന്തരമായി കേൾക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയെ അറിയിച്ചു. മൂന്ന് ആഴ്ചത്തേക്ക് കേസ് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിമിഷയുടെ മോചനത്തിനായുള്ള ചർച്ചകൾ നടത്താനുള്ള അവകാശം അമ്മയ്ക്കാണ്, അവർ യെമനിലുണ്ട് എന്നും അറ്റോണി ജനറൽ പറഞ്ഞു. പ്രതിനിധി സംഘത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് തള്ളിയ കോടതി, ആരുടെ ഇടപെടലാണ് ഫലം ചെയ്യുകയെന്ന് പറയാനാവില്ലെന്ന് മറുപടി നൽകി.

കാന്തപുരത്തിൻ്റെ പങ്കും കേന്ദ്രത്തിൻ്റെ മൗനവും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചതിലുള്ള ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരത്തിൻ്റെ പങ്ക് നാല് തവണയാണ് ആക്ഷൻ കൗൺസിലിൻ്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ അറ്റോണി ജനറൽ ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതിയിൽ ഹാജരായ അഡ്വ സുഭാഷ് ചന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് കാന്തപുരത്തിൻ്റെ ഇടപെടൽ തള്ളിയിരുന്നു.

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിച്ചു. കേസ് ഓഗസ്റ്റ് പതിനാലിന് പരിഗണിക്കാനായി മാറ്റി. അതേസമയം കാന്തപുരത്തിൻ്റെ പ്രതിനിധികളും ആക്ഷൻ കൗൺസിൽ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യെമനിൽ നേരിട്ടുള്ള മധ്യസ്ഥ ചർച്ചകൾക്കൊരുങ്ങുന്നതെന്ന് അഡ്വ സുഭാഷ് ചന്ദ്രൻ അറിയിച്ചു.

നിയമപോരാട്ടവും കേന്ദ്രസർക്കാരിൻ്റെ നിലപാടും

നിമിഷ പ്രിയക്ക് നിയമ സഹായം ഉൾപ്പെടെ സാധ്യമായ എല്ലാ സഹായവും നൽകി എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. എന്നാൽ അത് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിൻ്റെ തുടർച്ചയായ നിയമപോരാട്ടത്തെ തുടർന്നാണെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ടെന്ന് അഡ്വ സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടു. വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യക്കാരന് ഇന്ത്യൻ ഗവൺമെൻ്റും എംബസിയും തന്നെയാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉൾപ്പെടെയുള്ള പൂർണ പിന്തുണ നൽകേണ്ടത്.

നിമിഷക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷൻ കൗൺസിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 2022 മാർച്ച് 15ന് കേന്ദ്രസർക്കാർ ഹൈക്കോടതി മുൻപാകെ യെമനിലെ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് അഭിഭാഷകനെ ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനൽകി. നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചർച്ചകൾ നടത്തുന്നതിനുമുള്ള പിന്തുണ നൽകാമെന്നും ഹൈക്കോടതി മുൻപാകെ ഉറപ്പുനൽകുകയും ചെയ്തു. സർക്കാരിൻ്റെ ഈ ഉറപ്പ് പരിഗണിച്ച് കോടതി കേസ് തീർപ്പാക്കുകയും ചെയ്തു.

തുടർന്ന് അപ്പീൽ ഫയൽ ചെയ്യാൻ സഹായിച്ചെങ്കിലും അമ്മയുടെ യാത്രാനുമതി സർക്കാർ നിഷേധിച്ചു. നിമിഷയുടെ അമ്മ പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും 2023 നവംബർ 16ന് അമ്മയുടെ യാത്രാനുമതിയിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ നിർദേശം നൽകി കേസ് തീർപ്പാക്കുകയും ചെയ്തു. കോടതി നിർദേശപ്രകാരം യാത്രക്കായി സമർപ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. തുടർന്ന് മൂന്നാമതും ഡൽഹി ഹൈക്കോടതിയെ സമീപിച്ച നിമിഷയുടെ മാതാവ് പ്രേമകുമാരിക്ക് കേന്ദ്രസർക്കാരിൻ്റെ ശക്തമായ എതിർപ്പിനെ തള്ളി കോടതി 2023 ഡിസംബർ 12ന് യാത്രാനുമതി നൽകുകയായിരുന്നു.

“വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിൻ്റെ ഇടപെടലുകളെയും കുറിച്ച് തങ്ങൾ അജ്ഞരാണെന്ന കേന്ദ്ര സർക്കാരിൻ്റെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്. ചരിത്രം ഇങ്ങനെ നിവർന്നു നിന്ന് വസ്തുതകൾ ഓർമിപ്പിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിലായാലും സുപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകൾ കാലത്തിൻ്റെ വിചാരണക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യും,” എന്നും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ലീഗൽ അഡ്വൈസർ കൂടിയായ അഡ്വ സുഭാഷ് ചന്ദ്രൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*