
രാവിലെ ഉന്മേഷത്തോടെ ഉണർന്ന് പുതിയൊരു ദിവസം ആരംഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ഇതിന് നമ്മുടെ രാത്രിയിലെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത്താഴം ഒഴിവാക്കുന്നത് നല്ല പ്രവണതയല്ല. ഇത് വിശപ്പും ക്ഷീണവും ഉണ്ടാക്കും. ഉറങ്ങുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായകമാകും. രാത്രിയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് സ്വാധീനിക്കുന്നു. കൊഴുപ്പും പഞ്ചസാരയും അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായവ തിരഞ്ഞെടുക്കുന്നത് രാവിലെ ഉണരുമ്പോൾ കൂടുതൽ ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കും.
നല്ല ഉറക്കത്തിനും രാവിലെ ഉന്മേഷത്തോടെ ഉണരാനും സഹായിക്കുന്ന അത്താഴത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങൾ
- മധുരക്കിഴങ്ങ്
കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് പേശികളുടെ ആരോഗ്യത്തിനും ആഴത്തിലുള്ള ഉറക്കം ലഭിക്കാനും സഹായിക്കും. ഇത് രാവിലെ ഉന്മേഷത്തോടെ ഉണരാൻ സഹായിക്കുന്നു.
- ഇലക്കറികൾ
മഗ്നീഷ്യം, കാൽസ്യം, നാരുകൾ എന്നിവയാൽ നിറഞ്ഞ ഇലക്കറികൾ ദഹനത്തെ സഹായിക്കുന്നു. ഈ പോഷകങ്ങൾ ശരീരത്തെ ശാന്തമാക്കാനും നല്ല ഉറക്കം നൽകാനും ഉത്തമമാണ്.
- സാൽമൺ മത്സ്യം
ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ധാരാളമായി അടങ്ങിയ സാൽമൺ നല്ല ഉറക്കത്തിന് സഹായിക്കുന്നു. ഇത് സെറോടോണിൻ നിയന്ത്രിക്കുകയും മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യും.
- പയർ, കടല
വിറ്റാമിൻ ബി6 ധാരാളമായി അടങ്ങിയ പയർ വർഗ്ഗങ്ങൾ മെലറ്റോണിൻ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇവയിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യും.
- തൈര്
ട്രിപ്റ്റോഫാൻ, കാൽസ്യം എന്നിവ തൈരിൽ അടങ്ങിയിരിക്കുന്നു. ഇത് മെലറ്റോണിൻ, സെറോടോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ നല്ല ഉറക്കം നൽകുന്നു.
- മത്തങ്ങ വിത്ത്
മഗ്നീഷ്യം, സിങ്ക്, ട്രിപ്റ്റോഫാൻ എന്നിവയാൽ സമ്പുഷ്ടമായ മത്തങ്ങ വിത്തുകൾ രാത്രിയിൽ കഴിക്കാൻ പറ്റിയ ഒരു മികച്ച ലഘുഭക്ഷണമാണ്. ഇത് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുന്നു.
- ബദാം
മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ബദാമിൽ ധാരാളമുണ്ട്. ഇത് പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം നൽകാനും സഹായിക്കും.
- ഹെർബൽ ചായകൾ
അത്താഴം കഴിഞ്ഞ് ഹെർബൽ ചായകൾ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ശരീരത്തെ ശാന്തമാക്കാനും സഹായിക്കും. ഇത് രാവിലെ കൂടുതൽ ഊർജ്ജസ്വലരായി ഉണരാൻ സഹായിക്കും.
- വാഴപ്പഴം
അത്താഴത്തിന് ഒരു വാഴപ്പഴം ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
Be the first to comment