
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്‌ക്ക് പ്രതിനിധി സംഘം യമനിലേക്ക് പോകാൻ തയ്യാറെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്‌ടാവ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചാല്‍ ഉടൻ യമനിലേക്ക് തിരിക്കുമെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇരയുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമായി ആറ് അംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടത്. ഇതിൽ രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന കാന്തപുരത്തിൻ്റെ പ്രതിനിധികളും രണ്ടുപേർ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരും ആകണമെന്നായിരുന്നു നിർദേശം.
ഇത് പരിഗണിച്ച കോടതി, വിഷയത്തില്‍ അനുകൂല നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ (സൂപ്രീം കോടതി അഭിഭാഷകൻ, കൗൺസിൽ നിയമോപദേഷ്‌ടാവ് ), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗൺസിൽ ട്രഷറർ) എന്നിവരെയും മർകസ് പ്രതിനിധികളായി അഡ്വ. ഹുസൈൻ സഖാഫി (അന്താരാഷ്‌ട്ര തലത്തിൽ ഇടപെടുന്ന മുസ്ലിം പണ്ഡിതൻ ), ഹാമിദ് (യെമൻ ബന്ധമുള്ള വ്യക്തി) എന്നിവരെ നയതന്ത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതിയെ അറിയിച്ചെന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
നിലവില്‍ തലാലിൻ്റെ കുടുംബവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓരോ അംഗത്തെയും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കേണ്ടതുണ്ടെന്നും മാപ്പപേക്ഷിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. തലാലിൻ്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ഒരു അംഗം ഇന്ന് പറഞ്ഞ കാര്യം, നാളെ മാറ്റി പറയുന്ന സാഹചര്യമുണ്ട്, ഇത് വെല്ലുവിളിയായതിനാല്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചനം സാധ്യമാകണമെങ്കില്‍ കുടുംബം മാപ്പ് നല്‍കേണ്ടതുണ്ട്, അതുകൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ച നടത്തി അവരെ വിശ്വാസത്തിലെടുക്കുക എന്നത് തന്നെയാണ് പ്രധാനമെന്നും അഭിഭാഷകൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടല്‍ നിമിഷപ്രിയയുടെ മോചനത്തിനായുളള ചര്‍ച്ച സങ്കീര്‍ണമാക്കുകയാണെന്ന് സുഭാഷ് ചന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സഹായിക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന യമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിൻ്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറബിയില്‍ കമൻ്റ് ചെയ്യുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള അനാവശ്യമായ കമൻ്റുകള്‍ ഒഴിവാക്കണമെന്നും നിമിഷ പ്രിയയുടെ മോചനമാണ് നമുക്ക് പ്രധാനമെന്നും അഭിഭാഷകൻ കൂട്ടിച്ചേത്തു.
വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടത് അറിയില്ലെന്ന കേന്ദ്രത്തിൻ്റെ പ്രതികരണത്തിന് പിന്നാലെ ‘ഓര്‍മകള്‍ ഉണ്ടായിരിക്കണം’ എന്ന തലക്കെട്ടോടെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പുമായി രംഗത്തെത്തിയിരുന്നു. വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യന്‍ സര്‍ക്കാരും എംബസിയും തന്നെയാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉള്‍പ്പടെയുള്ള പൂര്‍ണ പിന്തുണ നല്‍കേണ്ടത്. നിമിഷക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷന്‍ കൗണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്.
2022 മാര്‍ച്ച് 15ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ യമനിലെ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അഭിഭാഷകനെ ഉള്‍പ്പടെയുള്ള സഹായം ലഭ്യമാക്കാമെന്ന ഉറപ്പ് നല്‍കുകയും നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചര്‍ച്ചകള്‍ നടത്തുന്നതിനുമുള്ള പിന്തുണ നല്‍കാമെന്ന് ഹൈക്കോടതി മുമ്പാകെ ഉറപ്പുനല്‍കുകയും സര്‍ക്കാരിൻ്റെ ഈ ഉറപ്പ് പരിഗണിച്ച് കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്‌തു. പിന്നീട് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സഹായിച്ചെങ്കിലും അമ്മ പ്രേമകുമാരിക്ക് യാത്രാനുമതി സര്‍ക്കാര്‍ നിഷേധിച്ചു.
പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്‌ത് കോടതി നിര്‍ദേശപ്രകാരം യാത്രക്കായി സമര്‍പ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളിയെന്നും മൂന്നാമതും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച പ്രേമകുമാരിക്ക് കേന്ദ്രസര്‍ക്കാരിൻ്റെ ശക്തമായ എതിര്‍പ്പിനെ തള്ളി കോടതി 2023 ഡിസംബര്‍ 12ന് യാത്രാനുമതി നല്‍കുകയായിരുന്നു. വധശിക്ഷക്കായി എണ്ണപ്പെട്ട നാളുകളില്‍ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിൻ്റെ ഇടപെടലുകളെയും കുറിച്ച് തങ്ങള്‍ അജ്ഞരാണെന്ന വാക്കുകള്‍ നിങ്ങളെ സ്വയം തുറന്നുകാട്ടുന്നതാണ് ചരിത്രമെന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് കൊണ്ട് സുഭാഷ് ചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
Be the first to comment