
ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങരയിൽ അമ്മയേയും മക്കളേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിനെ ഒന്നാംപ്രതിയാക്കിയാണ് നൂറനാട് പോലീസ് കേസെടുത്തത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയിലാണ് കേസ്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനെയാണ് സിപിഐഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ വീട് പൂട്ടി പുറത്താക്കിയത്. ഇവർ വീട്ടിലില്ലാത്ത സമയത്താണ് സിപിഐഎം നേതാക്കളെത്തി വീട് പൂട്ടി കൊടി കുത്തിയത്. വീടിന്റെ മുൻ ഉടമസ്ഥനുമായി ബന്ധപ്പെട്ട പ്രശ്നത്തിനാണ് മൂന്ന് ദിവസം മുമ്പ് താമസത്തിന് എത്തിയ കുടുംബത്തെ പെരുവഴിയിൽ ആക്കിയത്.
വീട് വീട്ടിറങ്ങണം എന്നാവശ്യപ്പെട്ട് ഗൃഹനാഥനെ സിപിഐഎം ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഫോൺ കോളും പുറത്തു വന്നിരുന്നു. വീട് പൂട്ടി കൊടികുത്തിയത് സംഘർഷാവസ്ഥ ഒഴിവാക്കാനെന്ന് ചാരുമൂട് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. പൂട്ടിയ വീട് പോലീസ് എത്തി തുറന്നു നൽകിയിരുന്നു.
2006 ൽ പട്ടയ ഭൂമിയായി നൽകിയ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്തതിനാലാണ് കുടുംബത്തെ ഇറക്കി വിട്ടതെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. കൈമാറ്റം ചട്ട വിരുദ്ധമെങ്കിൽ സർക്കാർ ഇടപെടട്ടെയെന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം പറയുന്നു. സിപിഐഎം എന്തിന് തങ്ങളെ ഭീഷണിപ്പെടുത്തുന്നെന്നും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ റജബ് ചോദിക്കുന്നു. ഏഴു വയസ്സുകാരിയായ മകൾക്ക് ഭക്ഷണം നൽകാൻ പോലും പാർട്ടി നേതാക്കൾ അനുവദിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു.
Be the first to comment