വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ കൊണ്ട് പറഞ്ഞു പറയിപ്പിക്കുന്നതാണെന്നും ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയില്‍ നിന്ന് സമൂദായ നേതാക്കള്‍ പിന്‍മാറണമെന്നും സതീശന്‍ പറഞ്ഞു.

‘വെള്ളാപ്പള്ളിയുടെത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയാണ്. ഗുരുദേവനെ വിശ്വസിക്കുന്നവരാണ് കേരളത്തില്‍ എല്ലാവരും. അദ്ദേഹം പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ഇത് ആര് പറഞ്ഞിട്ടാണ് പറയുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവ് ആണ്. അദ്ദേഹം ഡല്‍ഹിയില്‍ പിആര്‍ ഏജന്‍സികളെ കൊണ്ട് പറയിപ്പിച്ചതും ഹിന്ദുവില്‍ കൊടുത്ത അഭിമുഖവും കേരളത്തിലെ സിപിഎം നേതാക്കള്‍ മലപ്പുറത്തെനെതിരെ നടത്തുന്ന വ്യാപക പ്രചരണവും എല്ലാം ഒന്നാണ്. മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നതാണ്. പരിണിത പ്രജ്ഞനായ വെള്ളാപ്പള്ളി ഇതില്‍ നിന്ന് പിന്‍മാറണം. ശ്രീനാരായണ പ്രസ്ഥാനത്തിന് യോജിച്ചതല്ല. വിദ്വേഷത്തിന്റെ ക്യാംപെയ്ന്‍ ആര് നടത്തിയാലും കോണ്‍ഗ്രസ് ചോദ്യം ചെയ്യും’- സതീശന്‍ പറഞ്ഞു

അതേസമയം കെ ബാബു എംഎല്‍എ വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നും സതീശന്‍ പറഞ്ഞു. ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ ആര് നടത്തിയാലും ഞങ്ങളതിനെ ചോദ്യം ചെയ്യുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*