ട്രെയിന്‍ യാത്ര ഭിന്നശേഷി സൗഹൃദമാക്കാന്‍ ആപ്പ്; രാജ്യത്ത് ആദ്യം, ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍

തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വീല്‍ചെയറുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് സ്‌റ്റേഷന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാന്‍ അനുവദിക്കാനാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത്. ഇതിനായി സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍, അവര്‍ എത്തിച്ചേരുന്ന സ്‌റ്റേഷനുകള്‍ എന്നിവ മുന്‍കൂട്ടി അധികൃതരെ ആപ്പ് മുഖേന അറിയിക്കുകയാണ് ലക്ഷ്യം.

നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും. ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകളും ഓപ്ഷനുകളും ഉള്‍പ്പെടുത്തുന്നതിനായി വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.

റെയിവേയുടെ നീക്കത്തില്‍ യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഇതൊരു മികച്ച ചുവടുവയ്പ്പാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളും മാതൃക പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെപ്പോലുള്ള ആളുകള്‍ക്ക് ഇത് സ്‌റ്റേഷനുകളില്‍ വരുന്നതും പോകുന്നതും എളുപ്പമാക്കും’ പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പാളയം സ്വദേശി സ്റ്റീഫന്‍ വില്യം പറഞ്ഞു.

ഭാരം കുറഞ്ഞ ഫോള്‍ഡബിള്‍ റാമ്പ്

2017 ല്‍ വീല്‍ചെയറില്‍ എത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരം ഡിവിഷന്‍ ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി റാമ്പുകള്‍ സജീകരിച്ചിരുന്നു. ഇവയ്ക്ക് ഏകദേശം 60 കിലോഗ്രാം ഭാരമുണ്ടായിരുന്നു, അവ കൈകാര്യം ചെയ്യാന്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും ആവശ്യമായിരുന്നുവെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഒരു എന്‍ജിഒയുടെ പിന്തുണയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ 10 കിലോഗ്രാം മാത്രം ഭാരമുള്ള പുതിയ ഫോള്‍ഡബിള്‍ റാമ്പ് അവതരിപ്പിച്ചു. ഒരു റെയില്‍വേ പോര്‍ട്ടര്‍ക്ക് തനിച്ച് ഈ റാമ്പുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും, കൂടാതെ 5 മുതല്‍ 10 സെക്കന്‍ഡിനുള്ളില്‍ കയറാനും ഇറങ്ങാനും കഴിയും.

‘പുതിയ റാമ്പുകള്‍ കൂടുതല്‍ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാണ്. ഈ വര്‍ഷം ഡിവിഷനിലെ എല്ലാ യാത്രക്കാരുടെയും തിരക്കേറിയ സ്‌റ്റേഷനുകളിലും ഇവ വിന്യസിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,’ തിരുവനന്തപുരം ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ കടന്നുപോകുന്ന സ്‌റ്റേഷനുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുതിയ റാമ്പുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, ഗുരുവായൂര്‍ എന്നി സ്‌റ്റേഷനുകള്‍ക്കാകും ആദ്യ പരിഗണനയെന്നും ഉദ്യോഗസഥര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*