
കോട്ടയം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തില്‍ സിപിഎം വ്യക്തമാക്കിയ നിലപാട് തന്നെയാണ് തന്റേതെന്ന് മന്ത്രി വി എന്‍ വാസവന്‍. എപ്പോഴും മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ആ മതനിരപേക്ഷ നിലപാടിന് അപ്പുറത്തുനിന്ന് നാളിതുവരെ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുകയുമില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം താനിരിക്കുന്ന വേദിയില്‍ വെച്ചല്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞതിനു തൊട്ടുപിന്നാലെ താനും ഹൈബി ഈഡനും വേദിയില്‍ നിന്നും ഇറങ്ങിയിരുന്നു. വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതില്‍ വ്യക്തമായ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
നാല് വോട്ടിന് വേണ്ടിയോ സീറ്റിനു വേണ്ടിയോ മാറ്റുന്ന നയമല്ല ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുള്ളത്. മതേതര ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് എല്ലാക്കാലത്തും മുന്നോട്ടു പോയിട്ടുള്ളത്. ഇപ്പോഴും അങ്ങനെതന്നെയാണ്. ഞങ്ങള്‍ ഇറങ്ങിയശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം ഉണ്ടായത്. അതിനാല്‍ തന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ പ്രസംഗമെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ എസ്‍എന്‍ഡിപി സംരക്ഷണ സമിതി പൊലീസിൽ പരാതി നൽകി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് എസ്‍എന്‍ഡിപി സംരക്ഷണ സമിതിയുടെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Be the first to comment