
കോൺഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസി നേതൃത്വവുമായും കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പരാമർശത്തിൽ പാലോട് രവിയോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനിച്ചിരുന്നു.
പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമത് പോകും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നു.
Be the first to comment