
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. കീഴ്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. കന്യാസ്ത്രീകള്‍ക്ക് എതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ തയ്യാറാക്കിയത്.
സിസ്റ്റര്‍ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയും പെണ്‍കുട്ടികളുടെ ബന്ധു സുഖ്മന്‍ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവര്‍ക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ആണിത്.
അടുത്ത ദിവസം വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ജയിലില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ എംപിമാരുടെ സംഘം പറഞ്ഞു. വിഷയത്തില്‍ കേരളത്തില്‍ നാളെ വൈകിട്ട് തലസ്ഥാനത്ത് മാര്‍ച്ച് നടത്താന്‍ വിവിധ ക്രൈസ്തവസഭകളും തീരുമാനമെടുത്തിട്ടുണ്ട്.
Be the first to comment