
ന്യൂഡൽഹി: മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്‌തതിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം. പാർലമെൻ്റ് കവാടത്തിൽ നടന്ന പ്രതിഷേധത്തിൽ ഹൈബി ഈഡൻ, കെസി വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.
കന്യാസ്ത്രീകളെ വിട്ടയക്കുക, കാരണക്കാരെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം. ‘കന്യാസ്ത്രീകളെ അപമാനിച്ചവർ ഓർത്തോളൂ, കാലം നിങ്ങൾക്ക് മാപ്പ് തരില്ല’ എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ ഉയർത്തി.
യഥാർഥ കുറ്റവാളികൾക്കെതിരെ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ മാത്രമാണ് ശ്രദ്ധയെന്നും പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
“കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളോട് ചിലർ വളരെ മോശമായി പെരുമാറി. നിരപരാധികളായ അവരെ ഛത്തീസ്‌ഗഡ് പൊലീസ് കയ്യേറ്റം ചെയ്‌തു. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്നവരെയും മർദിച്ചിരുന്നു. ചെയ്യാത്ത കാര്യത്തിന് കുറ്റപ്പെടുത്തുന്നതും മർദിക്കുന്നതും ശരിയല്ല.” പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തതിൽ ഇന്നലെയും(ജൂലൈ 28) പാർലമെൻ്റിൽ പ്രതിഷേധമുയർന്നിരുന്നു. കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. വിഷയത്തില്‍ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് ലോക്‌സഭയിൽ തള്ളിയിരുന്നു.
കോൺഗ്രസ് എംപിമാരായ സപ്‌തഗിരി ഉലഗ, കേരളത്തിൽ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, എൻകെ പ്രേമചന്ദൻ, കോൺഗ്രസ് നേതാവ് അനിൽ എ തോമസ് എന്നിവർ കന്യാസ്ത്രീകളെ ഇന്നലെ സന്ദർശിച്ചിരുന്നു. കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ജയിലിലെത്തിയാണ് കന്യാസ്ത്രീകളെ കണ്ടത്.
കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ ഇന്നലെ പൊലീസ് തടഞ്ഞിരുന്നു. ബിജെപി സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും ഓരോ നിയമങ്ങളാണ് കൊണ്ടുവരുന്നതെന്നും, എന്തുസംഭവച്ചാലും നാളെ കന്യാസ്‌ത്രീകളെ സന്ദര്‍ശിക്കുമെന്നും സിപിഎം വ്യക്തമാക്കി. ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരുടെ സംഘം ഇന്ന് ദുർഗ് ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചു. ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്‌ണൻ, ആനി രാജ എന്നിവരും ഛത്തീസ്‌ഗഡിലെ പ്രാദേശിക ഇടതു നേതാക്കളും അടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് സ്ത്രീ സുരക്ഷയിലുണ്ടായ ഗുരുതരമായ വീഴ്‌ചയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞു. അഞ്ച് ദിവസമായി ജയിലിൽ തുടരുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ ഇവരുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
Be the first to comment