‘ജാമ്യത്തെ എതിര്‍ക്കില്ല എന്നാണ് അമിത്ഷാ പറഞ്ഞത്; ആഭ്യന്തരമന്ത്രിയുടെ വാക്കിന് വിലയില്ല എന്നാണോ മനസിലാക്കേണ്ടത്’; ജോണ്‍ ബ്രിട്ടാസ്

മലയാളി കന്യാസ്ത്രീകളുടെ ജാമ്യം ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തതില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. പ്രോസിക്യൂഷന്‍ എതിര്‍ക്കില്ല, ഒരു കാരണവശാലും സംസ്ഥാനം ജാമ്യത്തെ എതിര്‍ക്കില്ല എന്നാണ് തങ്ങളോട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതെന്നും ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ല എന്നാണോ മനസിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

എന്താണ് യഥാര്‍ഥത്തില്‍ കോടതിയില്‍ നടന്നതെന്ന് അറിയില്ല. എതിര്‍ക്കുക എന്നുള്ളത് പ്രോസിക്യൂഷനില്‍ നിക്ഷിപ്തമായിട്ടുള്ള ചുമതലയാണെന്ന രീതിയിലുള്ള ചില വാദങ്ങള്‍ വരുന്നുണ്ട്. അത് ഒരിക്കലും ശരിയല്ല. എത്രയോ കേസുകളില്‍ പ്രോസിക്യൂഷന്‍ ഒരു കാരണവശാലും എതിര്‍ക്കാതിരുന്നിട്ടുണ്ട്. ചിലപ്പോള്‍ ജാമ്യത്തെ അനുകൂലിച്ചിട്ട് പോലുമുണ്ട്. ഈ കേസ് കള്ളക്കേസാണെന്നും ഇവരോട് കാണിക്കുന്ന അനീതിയും ക്രൂരതയുമാണെന്നും ഏവരും സമ്മതിച്ചു കഴിഞ്ഞ ശേഷം പിന്നീട് എന്തെതിര്‍പ്പിനാണ് പ്രസക്തിയുള്ളത്. എന്തായാലും കോടതിയുടെ പക്കലിരിക്കുന്ന കേസാണ്. നാളെക്കൊണ്ട് തന്നെ ഇതുസംബന്ധിച്ചൊരു തീരുമാനം വരും. അതുകൊണ്ട് തന്നെ ഒരു മുന്‍വധിയുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ എന്‍ഐഎ കോടതി നാളെ വിധി പറയും. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലില്‍ കഴിയുകയാണ് കന്യാസ്ത്രീകള്‍.

കേസ് ഡയറി ഹാജരാക്കാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*