
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ബിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച അധിക്ഷേപ കാര്‍ട്ടൂണ്‍ വിവാദത്തില്‍. കന്യാസ്ത്രീകള്‍ കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിച്ചുകൊണ്ടുപോകുന്നതായുള്ള അധിക്ഷേപ കാര്‍ട്ടൂണാണ് വിവാദമായത്. വിവാദത്തിന് പിന്നാലെ ബിജെപി പോസ്റ്റ് പിന്‍വലിച്ചെങ്കിലും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോഴും സജീവമാണ്. പോസ്റ്റ് ചൂണ്ടിക്കാട്ടി ബിജെപി മുതലക്കണ്ണീര് ഒഴിക്കരുതെന്ന് സിപിഐ വിമര്‍ശിച്ചു. ബിജെപിയുടെ കാപട്യം എല്ലാവര്ക്കും മനസിലായെന്നും ഇതാണ് നിങ്ങളുടെ പാര്‍ട്ടിയെന്ന് രാജീവ് ചന്ദ്രശേഖര്‍ മനസിലാക്കണമെന്നും സിപിഐ എക്സ് ഹാന്‍ഡിലിന്റെ കുറിച്ചു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേരള ബിജെപിയും ഛത്തീസ്ഗഡ് ബിജെപിയും രണ്ട് തട്ടിലാണെന്നും സൂചനയുണ്ട്. ഛത്തീസ്ഗഡ് ബിജെപിയുടെ പോസ്റ്റ് സംസ്ഥാന ബിജെപിയെ അങ്ങേയറ്റം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലെത്തിയിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ സംസ്ഥാന ബിജെപി തിരക്കിട്ട നീക്കങ്ങള്‍ നടത്തിവരുന്ന പശ്ചാത്തലത്തില്‍ കന്യാസ്ത്രീകളെ കുട്ടികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യാന്‍ കുടുക്കിട്ട് വലിക്കുന്നവരായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ കേരള ബിജെപിക്ക് വലിയ അടിയാകുകയാണ്. മനുഷ്യക്കടത്തിനെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഛത്തീസ്ഗഡ് ബിജെപി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് ഇന്ന് കോടതി ജാമ്യം നല്‍കിയത്. സാധാരണ ഗതിയില്‍ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള് ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്.
Be the first to comment