വിദ്യാർഥിയുടെ യൂണിഫോമിൽ ചെളി വെള്ളം തെറിപ്പിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ്; ചോദ്യം ചെയ്തതിന് അപായപ്പെടുത്താൻ ശ്രമം

ശരീരത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിയെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. യദുകൃഷ്ണൻ കോളജിലേക്ക് പോകുന്ന വഴി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേഹത്ത് ചെളി തെറിപ്പിക്കുകയായിരുന്നു.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസ് അരൂർ ക്ഷേത്ര കവലയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. NH 66 ന്റെ പണി പൂർത്തിയാകുന്നതിനാൽ സ്ഥലത്ത് വലിയ ഗതാഗത കുരുക്കും ചെളിയും നിറഞ്ഞാണ് നിൽക്കുന്നത് അതിനിടയിൽ കെഎസ്ആർടിസി ബസുകൾ അമിതവേഗത്തിൽ പോകുന്നുവെന്ന പരാതിയും ഏറെനാളായി നിലനിൽക്കുന്നുണ്ട്. റോഡ് നിർമാണം നടക്കുന്നിടത്ത് അമിതവേഗത്തിൽ കെഎസ്ആർടിസി ബസുകൾ ഓടുന്നത് സ്ഥിരം സംഭവമാണ്. യൂണിഫോമിൽ നിറയെ ചെളി ആയതിനാൽ യദു ഇത് ചോദ്യം ചെയ്യുകയും ബസിന് മുന്നിൽ എത്തി പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഇതേ സമയം ബസ് മുന്നോട്ട് എടുക്കാൻ ഡ്രൈവർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം അരൂർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം യാത്രക്കാരുടെ ദേഹത്തേക്ക് കെഎസ്ആര്ടിസി ബസ് ചെളി വെള്ളം തെറിപ്പിക്കുകയും അത് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് ബസ് റോഡിൽ നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും നടന്നുപോയതും ഇതേ സ്ഥലത്ത് വെച്ചായിരുന്നു. പ്രദേശത്ത് ബസുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*