
എറണാകുളം: എഡിജിപി എംആര്‍ അജിത് കുമാറിൻ്റെ ശബരിമല ട്രാക്‌ടര്‍ യാത്രയിൽ സ്വമേധയായെടുത്ത ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എംആര്‍ അജിത് കുമാറിന് ദേവസ്വം ബഞ്ച് താക്കീത് നൽകി. അജിത് കുമാറിൻ്റെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.
ആരോഗ്യ പ്രശ്‌നം കാരണം ട്രാക്‌ടര്‍ ഉപയോഗിക്കേണ്ടി വന്നൂവെന്നായിരുന്നു അജിത് കുമാറിൻ്റെ വിശദീകരണം. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലായിരുന്നു ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്. ശബരിമലയിലേക്ക് ട്രാക്‌ടറിൽ സഞ്ചരിക്കുന്ന എഡിജിപിയുടെ ചിത്രം തീർഥാടകൻ എടുത്ത് ശബരിമല സ്പെഷ്യൽ കമ്മീഷണറിന് കൈമാറിയിരുന്നു.
തുടർന്നാണ് കോടതി ഉത്തരവ് ലംഘിച്ച സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് വിശദമായ റിപ്പോർട്ട് നൽകിയത്. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ നിന്നും അജിത് കുമാറിൻ്റെ ട്രാക്‌ടര്‍ യാത്ര മനപ്പൂർവമെന്ന് വ്യക്തമായതായി കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ എന്നും ഹൈക്കോടതി നേരത്തെ ചോദ്യമുന്നയിച്ചിരുന്നു.
ശബരിമല ട്രാക്‌ടർ വിവാദം
ഇക്കഴിഞ്ഞ ജൂലൈ 12, 13 തീയതികളിൽ എഡിജിപി എം ആർ അജിത്കുമാർ ശബരിമല സന്ദർശനത്തിന് പമ്പയിൽ നിന്നും തിരിച്ചും ട്രാക്‌ടറിൽ യാത്ര നടത്തിയത് വിവാദമായിരുന്നു. ട്രാക്‌ടർ യാത്ര നിരോധിച്ചിട്ടുള്ള സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അദ്ദേഹം യാത്ര ചെയ്‌തത്. പമ്പയിൽ നിന്ന് ഏപ്രിൽ 12-ന് ശബരിമലയിലേക്കും 13-ന് തിരികെ പമ്പയിലേക്കുമായിരുന്നു ട്രാക്‌ടര്‍ യാത്ര. ഇതു ശബരിമല ദേവസ്വം കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് പമ്പ പൊലീസ് ട്രാക്‌ടർ ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. എഡിജിപിയുടെ ട്രാക്‌ടര്‍ യാത്രയെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യത്തിന് തുല്യമാണോ എന്നും കോടതി ചോദിച്ചു.
ഇതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. ഇതനുസരിച്ച് പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ എം ആർ അജിത്കുമാറിൻ്റെ പ്രവൃത്തി അനുചിതമാണെന്നും തെറ്റാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു ശേഷമാണ് ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിച്ചത്.
Be the first to comment