33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച്‌ കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.

2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞു. എന്നാൽ 2019- 20 വര്‍ഷം അത് 13.92 കോടിയായും 2020 – 21 ല്‍ 56.56 കോടിയായും ഉയര്‍ന്നു. 2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിൽ മെട്രോ നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ ലാഭമാണ് നേടിയത്. 2023-24 കാലയളവില്‍ പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയരുകയും ചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ ആകെ 182.37 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചിലവ് 149.03 കോടി രൂപയാണ്.

തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചു കൊണ്ടുവരാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*