
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് ( നീറ്റ് യുജി ) 2025 അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്മെന്റിന്റെ സമയക്രമം പുതുക്കി. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പുതുക്കിയ സമയക്രമം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ് ഇതിനകം പൂർത്തിയായി. ആദ്യ റൗണ്ട് അലോട്ട്മെന്റ് ഓഗസ്റ്റ് ഒൻപതിന് പ്രഖ്യാപിക്കും. കോളജ് റിപ്പോർട്ടിങ്ങിന് ഒൻപതു മുതൽ 18 വരെ അവസരമുണ്ടാകും.
രണ്ടാംറൗണ്ട് നടപടികൾ 21-ന് തുടങ്ങും. പുതിയ രജിസ്ട്രേഷൻ (ബാധകമെങ്കിൽ) 26-ന് ഉച്ചയ്ക്ക് 12 വരെ ചെയ്യാം. തുക അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നു വരെയാണ്. ചോയ്സ് ഫില്ലിങ് 22 മുതൽ 26-ന് രാത്രി 11.55 വരെയും ചെയ്യാം. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്മെന്റ് ഫലം 29-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് സൗകര്യം 30 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ്.
റൗണ്ട് മൂന്നിന്റെ അലോട്ട്മെന്റ് നടപടികൾ ഒൻപതിന് തുടങ്ങും. രജിസ്ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 14 വരെയാണ്. ചോയ്സ് ഫില്ലിങ് 10 മുതൽ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്ട്മെന്റ് ഫലം 17-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് 18 മുതൽ 25 വരെയായിരിക്കും.
ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട് നടപടികൾ 30-ന് തുടങ്ങും. ഒക്ടോബർ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്ട്രേഷൻ. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്സ് ഫില്ലിങ് 30 മുതൽ ഒക്ടോബർ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതൽ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.
സംസ്ഥാനതല അലോട്ട്മെന്റ്
സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്മെന്റ് നടപടികൾ ഓഗസ്റ്റ് ഒൻപതുമുതൽ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാന തല ആദ്യ അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്ട്മെന്റ് നടപടികൾ 27 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ്. രണ്ടാം അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്റ്റംബർ 11-നകം നേടണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 15 മുതൽ 25 വരെയായിരിക്കും.
Be the first to comment