
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സോഷ്യല്‍മീഡിയ ടൂളായ ഇന്‍സ്റ്റഗ്രാം. ആപ്പിനെ കൂടുതല്‍ കണക്റ്റഡും ഇന്ററാക്ടീവും ഗ്രൂപ്പ് ചാറ്റ് പോലെ തോന്നിപ്പിക്കാനും സഹായിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. റീപോസ്റ്റ്, മാപ്പ്, സുഹൃത്തുക്കള്‍ റീല്‍സില്‍ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
‘റീപോസ്റ്റ്’ ഫീച്ചര്‍
മറ്റുള്ളവരുടെ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഫോളോവേഴ്സുമായും സുഹൃത്തുക്കളുമായും എളുപ്പത്തില്‍ പങ്കിടാന്‍ അനുവദിക്കുന്ന തരത്തിലാണ് റീപോസ്റ്റ് ഫീച്ചര്‍. ‘റീപോസ്റ്റുകള്‍ നിങ്ങളുടെ സുഹൃത്തുക്കളുടെയും ഫോളോവേഴ്സിന്റെയും ഫീഡുകളിലേക്ക് ശുപാര്‍ശ ചെയ്യും, കൂടാതെ അവ നിങ്ങളുടെ പ്രൊഫൈലിലെ ഒരു പ്രത്യേക ടാബിലും ഉണ്ടാകും, അതിനാല്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ റീപോസ്റ്റുകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ കഴിയും,’- മെറ്റ പറഞ്ഞു.
റീപോസ്റ്റുകള്‍ യഥാര്‍ത്ഥ പോസ്റ്ററിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. പോസ്റ്റിന്റെ യഥാര്‍ഥ ഉടമയ്ക്ക് പ്രോത്സാഹനം നല്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. ഉദാഹരണത്തിന്, ഒരാളുടെ ഉള്ളടക്കം മറ്റൊരാള്‍ വീണ്ടും പോസ്റ്റ് ചെയ്താല്‍, ആ വ്യക്തിയുടെ ഫോളോവേഴ്സിന് അത് ശുപാര്‍ശ ചെയ്തേക്കാം. ആ ആളുകള്‍ പോസ്റ്റിന്റെ യഥാര്‍ഥ ഉടമയെ പിന്തുടരുന്നില്ലെങ്കിലും. പോസ്റ്റിന്റെയോ റീലിന്റെയോ താഴെയുള്ള റീപോസ്റ്റ് ഐക്കണില്‍ ടാപ്പ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഒരു പോപ്പ്-അപ്പ് ബബിള്‍ വഴി ഒരു ചെറിയ കുറിപ്പ് ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.
ഇന്‍സ്റ്റഗ്രാം മാപ്പ്
ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ലൊക്കേഷന്‍ ഷെയറിങ് മാപ്പ് ഫീച്ചര്‍ സ്നാപ്ചാറ്റിന്റെ സ്നാപ്പ് മാപ്പിന് സമാനമാണ്. പക്ഷേ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ഏറ്റവും പുതിയ ലൊക്കേഷന്‍ പങ്കിടാനും ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള കണ്ടന്റ് കണ്ടെത്താനും അനുവദിക്കുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളും കണ്ടന്റ് ക്രിയേറ്റേഴ്സും ഏത് സ്ഥലത്തുനിന്നാണ് കണ്ടന്റ് പങ്കിട്ടതെന്നോ പോസ്റ്റ് ചെയ്തതെന്നോ കണ്ടെത്താന്‍ സാധിക്കും.
സ്നാപ്ചാറ്റില്‍ നിന്ന് വ്യത്യസ്തമായി, ഉപയോക്താവ് ആപ്പ് തുറക്കുമ്പോള്‍ മാത്രമേ ഇന്‍സ്റ്റഗ്രാമിന്റെ ലൊക്കേഷന്‍ ഫീച്ചര്‍ അപ്ഡേറ്റ് ചെയ്യുകയുള്ളൂ. ഇത് തത്സമയ ലൊക്കേഷന്‍ ട്രാക്കിങ് നടത്തുന്നില്ല. ഇത് ലൊക്കേഷന്‍-ഷെയറിങ് ഫീച്ചറില്‍ നിന്ന് വ്യത്യസ്തമാണ്. ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂര്‍ വരെ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി അവരുടെ ലൊക്കേഷന്‍ പങ്കിടാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. ലൊക്കേഷന്‍ ഷെയറിങ്ങില്‍ നിങ്ങളുടെ ലൊക്കേഷന്‍ ആരാണ് കാണേണ്ടതെന്ന് കൃത്യമായി തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. ചില സ്ഥലങ്ങളില്‍ ലൊക്കേഷന്‍ ഷെയറിങ് തടയുന്നതിനുള്ള മാര്‍ഗവുമുണ്ട്. ഡയറക്ട് മെസേജ് ഇന്ബോക്സിന്റെ മുകളിലായി ഇന്‍സ്റ്റഗ്രാം മാപ്പ് ലഭ്യമാകും.
റീല്‍സിലെ പുതിയ ‘ഫ്രണ്ട്സ്’ ടാബ്
ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ആഗോളതലത്തില്‍ ഒരു പുതിയ ഫ്രണ്ട്സ് ടാബ് ആരംഭിച്ചു. ഈ ഫീച്ചര്‍ ഇതിനകം യുഎസില്‍ ലഭ്യമാണ്. ഈ ടാബില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ ലൈക്ക് ചെയ്തതോ, കമന്റ് ചെയ്തതോ, റീപോസ്റ്റ് ചെയ്തതോ അല്ലെങ്കില്‍ സൃഷ്ടിച്ചതോ ആയ പബ്ലിക് റീലുകള്‍ കാണാന്‍ കഴിയും. സ്വകാര്യ ബ്രൗസിങ് ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഈ ടാബില്‍ അവരുടെ ഇടപെടലുകള്‍ കാണിക്കുന്നത് ഒഴിവാക്കാം. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തിപരമാക്കുന്നതിനായി സുഹൃത്തുക്കള്‍ പങ്കിടുന്ന അഭിരുചികളെ അടിസ്ഥാനമാക്കിയുള്ള സംവിധാനമായ ബ്ലെന്ഡ്സിനെ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തുന്നു.
Be the first to comment