ഡിജിറ്റൽ സർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടില്ല

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ല. സർക്കാർ നിയമനിർമ്മാണം കേസിന് ബലം പകരാനെന്ന വിലയിരുത്തലിലാണ് ഗവർണർ. ഓർഡിനൻസ് രാജ് ഭവനിൽ എത്തിയെങ്കിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത്.

താൽക്കാലിക വി.സി നിയമനം സംബന്ധിച്ച കേസ് 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. വി.സി നിയമനത്തിൽ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ഡിജിറ്റൽ സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തിയത്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വി.സി നിയമനം സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശം പാലിക്കുന്നതിനും വേണ്ടിയാണ് ഡിജിറ്റൽ സർവകലാശാലാ നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ സ്ഥിരം വിസിയെ നിയമിക്കുമ്പോൾ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമ ഭേദഗതിയെന്ന് വ്യക്തമാണ്.

വി.സിയായി നിയമിക്കുന്നയാളുടെ പ്രായം ഉയർത്തിയതാണ് പ്രധാന ഭേദഗതി. നിലവിൽ 61 വയസായിരുന്ന പ്രായപരിധി 65 വയസായിട്ടാണ് ഉയർത്തിയത്. ഇതിനായി സർവകലാശാലാ നിയമത്തിന്റെ ആറാം ഉപവകുപ്പിൽ ഭേദഗതി വരുത്തി. വി.സി നിയമനത്തിനുളള സെർച് കമ്മിറ്റിയുടെ ഘടനയിലും അഴിച്ചുപണി നടത്തിയിട്ടുണ്ട് 5അംഗ സെർച്ച് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൌൺസിൽ നിർദ്ദേശിക്കുന്ന പ്രതിനിധി കൺവീനറാകും.

ഇതിന് പുറമെ ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവർ അടങ്ങിയതായിരിക്കും സെർച് കമ്മിറ്റി. ഇതിലൂടെ 5അംഗ സെർച് കമ്മിറ്റിയിൽ 3 പേരുടെ പിന്തുണ സർക്കാരിന് ഉറപ്പാക്കാനാവും.സർക്കാറുമായോ സർവകലാശാലയുമായോ നേരിട്ട് ബന്ധമുള്ളവർ സെർച് കമ്മിറ്റികളിൽ പാടില്ലെന്നാണ് വി.സി നിയമനവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി ഉത്തരവ്.

=

Be the first to comment

Leave a Reply

Your email address will not be published.


*