‘പാകിസ്താന്റെ ആണവ ഭീഷണി പതിവ് ശൈലി, രാജ്യ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യും’; ഇന്ത്യ

പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു

പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും’ യുഎസില്‍ നടന്ന ഒരു ചടങ്ങിനിടെ അസിം മുനീര്‍ പറഞ്ഞു.

സിന്ധു നദീജലകരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുനീർ‌ പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും” മുനീർ ഭീഷണി ഉയർത്തി. “സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല” എന്നും അസിം മുനീർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*