
തലശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് നേരെയുള്ള വിമർശനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കടന്നാക്രമിച്ച് സീറോ മലബാർ കത്തോലിക്കാ സഭ. എം വി ഗോവിന്ദന്റേത് തരംതാണ പ്രസ്താവനയെന്നും ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുത് എന്നുമാണ് സഭയുടെ മറുപടി. ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നായിരുന്നു ആർച്ചുബിഷപ്പിനെതിരെ എം വി ഗോവിന്ദന്റെ വിമർശനം.
കണ്ണൂർ തളിപ്പറമ്പിൽ ഇന്നലെ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തലശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ എം വി ഗോവിന്ദന്റെ രൂക്ഷ വിമർശനം. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടലിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആർച്ച് ബിഷപ്പ് നന്ദി അറിയിച്ചത് അവസരവാദ നിലപാടായി ചൂണ്ടിക്കാണിച്ചു. തൊട്ടുപിന്നാലെ രൂക്ഷ വിമർശനവുമായി രാത്രി തന്നെ അതിരൂപതയുടെ വാർത്താക്കുറിപ്പ് പുറത്തിറങ്ങി.
ഗോവിന്ദന്റേത് തരം താഴ്ന്ന പ്രസ്താവന എന്നും സഭാ നേതാക്കൾക്ക് പ്രതികരണം നടത്താൻ എകെജി സെന്ററിലെ തിട്ടൂരം വേണ്ടെന്നും വിമർശനം. വീണ്ടു വിചാരമില്ലാത്ത പ്രസ്താവനയാണെന്നും ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയെ പോലെ തരംതാഴരുതെന്നും കത്തോലിക്കാ കോൺഗ്രസ്.
സിപിഎമ്മിനെ ചീത്ത പറഞ്ഞ് ആർഎസ്എസ് പിന്തുണ ഉറപ്പിക്കാനാണ് ഒരു വിഭാഗം ക്രൈസ്തവ സഭാ നേതാക്കൾ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. എന്നാൽ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ക്രൈസ്തവ നേതൃത്വം മായുള്ള പരസ്യ പോര് തുടരേണ്ടതില്ലെന്നാണ് സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
Be the first to comment