ഓരോ ‘ചുവടും’ ആരോഗ്യത്തിലേക്ക്: ജീവിതശൈലീ രോഗങ്ങൾ പമ്പ കടക്കും, സ്ഥിരമായി നടന്നാല്‍ ഗുണങ്ങൾ ഏറെ

ദിവസേനയുളള നടത്തം ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമാണ്. വിദഗ്‌ധ പഠനങ്ങൾ പ്രകാരം നടത്തം ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, ശരീരഭാരം നിയന്ത്രിക്കല്‍, മാനസികോല്ലാസം, ഉന്മേഷം എന്നിവ നടത്തത്തിന്‍റെ ചില പ്രധാന ഗുണങ്ങളാണ്. അതിനാൽ, ഓരോ ചുവടും നിങ്ങളുടെ ജീവിതത്തിൽ ആരോഗ്യത്തിന്‍റെയും സന്തോഷത്തിന്‍റയും പുതിയ വഴികൾ തുറക്കുന്നു.

നടത്തം സെറിബ്രോവാസ്‌കുലർ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ബൗദ്ധിക വെല്ലുവിളി, ഡിമെൻഷ്യ ഉൾപ്പെടെയുള്ള പല ആരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യതയും തീവ്രതയും കുറയ്ക്കുന്നു. അതോടൊപ്പം, മാനസികാരോഗ്യം, ഉറക്കത്തിന്‍റെ ഗുണനിലവാരം, ദീർഘായുസ് എന്നിവയും മെച്ചപ്പെടുത്തുന്നുവെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിൽ നടത്തം പ്രധാന പങ്കുവഹിക്കുന്നുണ്ട്. നടത്തം രക്തചംക്രമണം, ഹൃദയ-ശ്വാസകോശ പ്രവർത്തനം, രോഗപ്രതിരോധശേഷി എന്നിവയെ അനുകൂലമായി സ്വാധീനിക്കുന്നു. പ്രതിദിനം 30 മിനിറ്റ് ആഴ്‌ചയിൽ 5 ദിവസം നടക്കുന്നത് ഉത്തമമാണ്. ഇത് പ്രായം കൂടുന്തോറും സാധാരണയായി കാണപ്പെടുന്ന പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കും.

നടത്തം എങ്ങനെ ഗുണം ചെയ്യും…

  • ഒരു ദിവസം കുറഞ്ഞത് അരമണിക്കൂര്‍ നടക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിക്ക് ഏറെ ഗുണകരമാണ്
  • അര മണിക്കൂര്‍ നടത്തം പതിവാക്കാനായില്ലെങ്കില്‍ അതില്‍ കുറഞ്ഞ സമയം നടക്കാൻ ശ്രമിക്കുക. ചെറിയരീതിയിലുളള നടത്തവും ഏറെ ഫലം ചെയ്യും.
  • പതിവ് നടത്തത്തില്‍ ചങ്ങാതിമാരെയും ഒപ്പം കൂട്ടുന്നത് നടത്തത്തിന്‍റെ വിരസത ഒഴിവാക്കാൻ സഹായിക്കും.
  • ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെയും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും നടത്തം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
  • ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുന്നു.
  • രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുന്നു.
  • ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നടത്തം സഹായിക്കും.
  • മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ നടത്തം സഹായിക്കും.
  • എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വിഷാദത്തെ പൂര്‍ണമായി അകറ്റാന്‍ സാധിക്കും.
  • ശരീരത്തില്‍ ഓക്‌സിജന്‍റെ അളവ് വര്‍ധിപ്പിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നു.
  • ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

നടത്തത്തിന് അനുയോജ്യമായ വസ്‌ത്രങ്ങള്‍

  • നടക്കുമ്പോള്‍ കാഠിന്യം കുറഞ്ഞ ഷൂസ് ധരിക്കുക.
  • കാലാവസ്ഥയ്ക്കനുയോജ്യമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
  • നടക്കുമ്പോള്‍ നട്ടെല്ലിനും സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • നിരപ്പായ പാതകള്‍ നടത്തത്തിന് തെരഞ്ഞെടുക്കുക.
  • ഓരോ പത്ത് മിനിറ്റും വിശ്രമിച്ച് നടത്തത്തെ ക്രമീകരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*