തൃശൂരിലെ വോട്ടര്‍പട്ടിക വിവാദം: ‘ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമം; പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം’; രാജീവ് ചന്ദ്രശേഖര്‍

തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ആരോപണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പിന് മുന്‍പും വോട്ടര്‍ പട്ടിക സൂക്ഷ്മപരിശോധന നടത്താനും മറ്റും ജനാധിപത്യ സംവിധാനത്തില്‍ ഒരു രീതിയുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷനുണ്ട്, കോടതിയുണ്ട്. ഇങ്ങനെയൊരു കാര്യം കണ്ടിട്ടുണ്ടെങ്കില്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. തിരഞ്ഞെടുപ്പ് കമ്മീഷനിലോ കോടതിയിലോ പരാതി നല്‍കണം – അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷമായി സുരേഷ് ഗോപിയുടെ ഇലക്ഷന്‍ കഴിഞ്ഞിട്ട്. 70000 വോട്ടുകള്‍ കൊണ്ട് ജയിച്ച ഈ തിരഞ്ഞെടുപ്പ് ഇന്ന് എങ്ങനെയാണ് വിവാദമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഇങ്ങനെയോരോ നാടകം രാഹുല്‍ ഗന്ധിയും ചെയ്യും മുഖ്യമന്ത്രിയും ചെയ്യും. അതാണ് നടക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

ആരോ എന്തോ മുന്‍പില്‍ വച്ചത് കണ്ട് മാധ്യമങ്ങള്‍ കണ്‍ക്ലൂഡ് ചെയ്യരുതെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി വേണം വാര്‍ത്ത കൊടുക്കാനെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളുടെ എല്ലാം മുനയൊടിഞ്ഞു. സുരേഷ് ഗോപി വ്യാജ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോകണം. തീരുമാനമെടുക്കേണ്ടത് കോടതിയും ഇലക്ഷന്‍ കമ്മീഷനും ആണ്. സുരേഷ് ഗോപി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് സുരേഷ് ഗോപിയോട് പോയി ചോദിക്കണം – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*