സാന്ദ്ര തോമസിന് തിരിച്ചടി, ഹർജി തള്ളി എറണാകുളം സബ് കോടതി

പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. മൂന്ന് ഹർജിയും തള്ളി.

ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. ഉന്നയിച്ച കാര്യങ്ങൾ വ്യാജമെന്ന് തെളിഞ്ഞുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പ്രതികരിച്ചു. കോടതി കള്ളം പറഞ്ഞതാണെന്ന് ഇനി പറയുമോ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ സാന്ദ്രയുടെ അസഹിഷ്ണുതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടതി വിധിയിൽ വേദനയും നിരാശയും ഉണ്ടെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. കോടതി വിധിയെ മാനിക്കുന്നു. വിധി തിരിച്ചടിയായി കാണുന്നില്ലെന്നും പോരാട്ടം തുടരുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. താൻ ഫിലിം ചേമ്പറിൽ മത്സരിക്കും. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്നും അവർ അറിയിച്ചു.

പത്രിക തള്ളിയതിനു എതിരായി നൽകിയ ഹർജിയിൽ അല്ല വിധി വന്നത്. ബൈ ലോയിൽ ഇല്ലാത്ത ഭരണണാധികാരിയുടെ നിയമനം, തിരഞ്ഞെടുപ്പ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണം, പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിർത്തി വെക്കണം എന്നീ മൂന്ന് ഹർജികളാണ് തള്ളിയതെന്നും സാന്ദ്ര പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*