
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ഫീച്ചറുകളില്‍ ഒന്നായ പിയര്‍-ടു-പിയര്‍ (P2P) ഇടപാട് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ( എന്‍പിസിഐ) നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഒരു ഉപയോക്താവിന് മറ്റൊരു യുപിഐ അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഫീച്ചറാണ്’കളക്ട് റിക്വസ്റ്റ്’ അല്ലെങ്കില്‍ ‘പുള്‍ ട്രാന്സാക്ഷന്’. ഉപയോക്താക്കളെ വഞ്ചിച്ച് അവര്‍ ഒരിക്കലും നടത്താന്‍ ഉദ്ദേശിക്കാത്ത പേയ്മെന്റുകള്‍ അംഗീകരിപ്പിക്കുന്നതിന് ഈ ഫീച്ചര്‍ പലപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നോടെ പിയര്‍- ടു- പിയര്‍ ഇടപാട് യുപിഐയില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജൂലൈ 29ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഇതിനര്‍ത്ഥം ബാങ്കുകളില്‍ നിന്നും പേയ്മെന്റ് ആപ്പുകളില്‍ നിന്നുമുള്ള ‘കളക്ട് റിക്വസ്റ്റ്’ ഫീച്ചര്‍ യുപിഐയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. പുഷ്, പുള്‍ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവില്‍ പിന്തുണയ്ക്കുന്നത്. പുഷ് ഇടപാടില്‍ പണം നല്കുന്നയാള് ഒരു ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ സ്വീകര്‍ത്താവിന്റെ യുപിഐ ഐഡി നല്‍കിയോ പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പണം സ്വീകരിക്കുന്നയാള്‍ പ്രക്രിയ ആരംഭിക്കുകയും പണമടയ്ക്കുന്നയാള്‍ അവരുടെ യുപിഐ പിന് നല്കി അത് അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് പുള്‍ ഇടപാട് എന്നു പറയുന്നത്.
ഒരു ഇടപാടിന് 2,000 രൂപയായി പിയര്‍- ടു- പിയര്‍ കളക്ട് ഫീച്ചര്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് നിരവധി തട്ടിപ്പ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ണ്ണമായും തടയാന്‍ ഇത് പര്യാപ്തമായിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ യുപിഐ പിന് ഉപയോഗിച്ച് പണം അയയ്ക്കാന്‍ ഉപയോക്താക്കള്‍ ഒരു ക്യൂആര്‍ കോഡിനെ കര്‍ശനമായി ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ കോണ്ടാക്റ്റ് നമ്പര്‍ തെരഞ്ഞെടുക്കേണ്ടിവരും.
അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്ട്് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്കിയാല് മാത്രമാണ് പേയ്മെന്റ് പൂര്‍ത്തിയാകുക. സ്പ്ലിറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ യുപിഐ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കളക്ഷന്‍ അഭ്യര്‍ത്ഥനകളുടെ ആവശ്യകത വളരെ കുറവാണ്.
Be the first to comment