“നിമിഷ പ്രിയയുടെ ജീവന് അടിയന്തര ഭീഷണിയില്ല”; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കേടതി

ന്യൂഡൽഹി: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന് ഉടനടി ഭീഷണിയില്ലെന്ന് ആക്ഷൻ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആക്ഷൻ കൗണ്‍സില്‍ അഭിഭാഷകൻ സുഭാഷ്‌ ചന്ദ്രൻ കോടതിയില്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് അഭിഭാഷകൻ കോടതിയെ ഇക്കാര്യം അറിയിച്ചത്.

ഇതിനുപിന്നാലെ, എട്ട് ആഴ്‌ചകൾക്ക് ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ കേന്ദ്ര സർക്കാർ നേരത്തെ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇതിനുപിന്നാലെയാണ് യമനിലേക്ക് പോകാൻ അഭ്യര്‍ഥിച്ച് ആക്ഷൻ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിമിഷപ്രിയയ്ക്ക് നിയമ സഹായം നൽകണമെന്ന് മോചനത്തിനായി ശ്രമിക്കുന്ന ആക്ഷൻ കൗൺസിലിൻ്റെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ജസ്റ്റിസുമാരായ വിക്രം നാഥ് സന്ദീപ് മേത്തയോട് അഭ്യർഥിച്ചു. “ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ നിമിഷയുടെ അടിയന്തര ഭീഷണിയില്ല. കേസ് എട്ട് ആഴ്‌ച മാറ്റിവയ്ക്കുകയാണ്. അപ്പോഴേക്കും എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു,” അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാൽ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

2025 ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി നിർത്തിവച്ചതായുള്ള അറിയിപ്പ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ട യമൻ പൗരൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടിലാണ്. ഇതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിന് മെഹ്‌ദി കത്ത് അയച്ചിരുന്നു. എല്ലാ മധ്യസ്ഥ ചർച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തിൽ പരാമർശമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് കത്തിൻ്റെ പകർപ്പ് മെഹ്‌ദി പങ്കുവച്ചത്.

ശരീഅത്ത് നിയമ പ്രകാരം അനന്തരാവകാശികളിൽ ഒരാളെങ്കിലും പ്രതിക്ക് മാപ്പ് നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കും. കൊല്ലപ്പെട്ട യമൻ പൗരൻ്റെ അനന്തരാവാകാശികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളവർ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ യമനി പണ്ഡിതന്മാരോട് സമ്മതമറിയിച്ചിരുന്നു.ദിയാധനം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളിൽ ചർച്ചകൾ തുടർന്നിരുന്നു. ആയതിനാൽ അനന്തരാവകാശികളിൽ ഒരാൾ മാത്രമായ സഹോദരൻ്റെ എതിർപ്പിന് പ്രസക്തിയില്ലന്നാണ് സൂചന.

പാലക്കാട് സ്വദേശിയായ നിമിഷപ്രിയ യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് തലാലിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകുന്നത്. കച്ചവട പങ്കാളിയായ തലാൽ അബ്‌ദുല്‍ മഹ്ദിയുടെ ഒപ്പം 2012 ൽ ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തലാലിൻ്റെ പീഡനം സഹിക്കവയ്യാതെ മയക്കുമരുന്ന് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.

എന്നാല്‍, കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നുവെന്ന് നിമിഷ വ്യക്തമാക്കിയിരുന്നു. തലാലിൻ്റെ വീട്ടിലെ വാട്ടർടാങ്കിൽ നിന്നാണ് തലാലിൻ്റെ മൃതശരീരം ലഭിച്ചത്. തുടർന്ന് നിമിഷപ്രിയ പൊലീസ് പിടിയിലാവുകയായിരുന്നു. കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാവാതെ നിമിഷപ്രിയ കേസിൽ പരാജയപ്പെടുകയും ഒടുവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ തുടരുകയുമാണ്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്ന് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*