
കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അധികൃതർ പരിശോധന നടത്തിയിട്ടും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. മുൻവിധിയോടെ ഒന്നും പറയാൻ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
വെങ്ങളം – അഴിയൂർ ദേശീയപാത സാധ്യതയ്ക്ക് അനുസരിച്ച് ഉയരാത്ത റീച്ച് ആയി മാറിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ജനത്തിൻ്റെ ആവശ്യം ന്യായമാണ്. അതിനൊപ്പമാണ് സർക്കാർ. കരാറുകാർ ശരിയായ നിലപാട് സ്വീകരിക്കാത്തത് നേരത്തെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യമാണ്. പ്രവർത്തി തടയാതെ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി സർവ്വീസ് റോഡുകളുടെ പണി ഉൾപ്പടെ പൂർത്തിയാക്കണമെന്ന് മുഖ്യന്ത്രിയും കേന്ദ്ര മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം, കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായിക്കടവ് പാലം. ഇന്നലെ വൈകീട്ട് 3.45ഓടെയാണ് പാലത്തിന്റെ ഭീം തകർന്നു വീണത്. കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയാണ് മധ്യഭാഗത്തെ ഭീം തകർന്നു വീണത് തകർന്ന് വീണത്. തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കരാർ കമ്പനിയുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു പാലം. എൽ.ഡി.എഫ് സർക്കാർ കിഫ്ബി മുഖേനയാണ് നിർമ്മാണം നടപ്പിലാക്കുന്നത്.
Be the first to comment