
തിരുവനന്തപുരം: വെല്ലുവിളികളുടെയും വാക്‌പോരിന്റെയും അലയൊലികള്‍ തീരുംമുന്‍പ് വെള്ളാപ്പളി നടേശനുമായി സമാവായ നീക്കത്തിന്റെ സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തിലും വെള്ളാപ്പള്ളി നടേശനുമായി പിണക്കമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ചതയദിനത്തില്‍ എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ചതയ ദിനത്തില്‍ രണ്ട് പരിപാടികള്‍ക്ക് ക്ഷണമുണ്ട്. ഇതില്‍ എറണാകുളത്തെ പരിപാടികളില്‍ പങ്കെടുക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ടാഴ്ച മുന്‍പ് വി ഡി സതീശന്റെ നേതൃത്വത്തെ വിമര്‍ശിച്ചും വ്യക്തിപരമായി കടന്നാക്രമിച്ചും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ താന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇതിന് മറുപടി പറഞ്ഞ വി ഡി സതീശന്‍ യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും വ്യക്തമാക്കിയിരുന്നു.
വിഡി സതീശന്‍ ഈഴവ വിരോധിയാണെന്നുൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു വെള്ളാപ്പളളി ഉയർത്തിയിരുന്നത്. ഈഴവനായ കെ സുധാകരനെ ഒതുക്കി, സതീശന്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. സതീശന്‍ തന്നെ ഗുരുധര്‍മം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി സതീശന് തന്നെ കണ്ണെടുത്താല്‍ കണ്ടുകൂടെന്നും മൂവാറ്റുപുഴയില്‍ എസ്എന്‍ഡിപി നേതൃയോഗത്തില്‍ പറഞ്ഞിരുന്നു.
Be the first to comment