
79 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ വിവാദങ്ങൾ കൂടി പുകയുകയാണ് രാജ്യ തലസ്ഥാനത്ത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുക്കാത്തതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി.
രാഹുൽ ഗാന്ധി പാകിസ്താൻ സ്നേഹി ആണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വിമർശിച്ചു. നടപടി ലജ്ജാകരം ആണെന്നും കുറ്റപ്പെടുത്തി. എന്നാൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാത്തതിൻ്റെ കാരണം ഇരു നേതാക്കളും വ്യക്തമാക്കിയിട്ടില്ല. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികളിൽ ആണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ തവണ സ്വാതന്ത്ര്യദിനാഘോഷത്തിൽ പിൻനിരയിൽ രാഹുലിന് സീറ്റ് നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ വിട്ടു നിന്നതും.
അതേസമയം, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ RSS നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചതിലും വിവാദം നിലനിൽക്കുന്നുണ്ട്. RSS-ന്റെ നൂറ് വർഷം നിസ്വാർത്ഥ സേവനത്തിന്റെ കാലമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രസംഗം സ്വാതന്ത്ര്യസമര പോരാളികളെ അപമാനിക്കുന്നതെന്നാണ് കോൺഗ്രസ് പ്രതികരണം. പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്ററിൽ ഗാന്ധിക്ക് മുകളിൽ സവർക്കർ ഇടംപിടിച്ചതും വിവാദമായി.
Be the first to comment