
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ഒരു ദിനത്തെ കുറിച്ച് ഒന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത കാലമാണിത്. എന്തിനേറെ പറയുന്നു ഫോണിലെ ഓഫര്‍ എങ്ങാനും തീര്‍ന്നാല്‍ സമയം തള്ളി നീക്കുന്നതിന് അടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാറുമുണ്ട്. ജീവിത നിലവാരവും സൗകര്യങ്ങളും മെച്ചപ്പെട്ടപ്പോള്‍ പലതിനെയും പോലെ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കടന്ന് വന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍.
ആവശ്യത്തിന് അപ്പുറം ഇതില്ലാതെ ജീവിക്കാനാകില്ലെന്ന അവസ്ഥയിലാണ് സമകാലിക ലോകം. അത്തരത്തില്‍ മൊബൈല്‍ ഫോണ്‍ നോക്കി ഏറെ നേരം സമയം ചെലവിടുന്ന പലരും ഇന്ന് മൊബൈല്‍ ഫോണ്‍ അഡിക്റ്റഡ് ആണ്. ഭൂരിഭാഗവും കുട്ടികളാണ് ഇതിന് ഇരകളാകുന്നത് എന്നതും ശ്രദ്ധേയമാണ്.
ഭക്ഷണം കഴിക്കാന്‍, ഉറങ്ങാന്‍, പഠിക്കാന്‍ തുടങ്ങി എല്ലാ കാര്യത്തിനും മൊബൈല്‍ ആവശ്യമാണ്. ഇത് മാത്രമല്ല വെറുതെയിരിക്കുന്ന സമയങ്ങളില്‍ വിനോദത്തിനായും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ അധിക സമയം ഫോണില്‍ കഴിച്ചിരിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് വലിയ അപകടമാണെന്ന് പലരും തിരിച്ചറിയുന്നില്ല.
കുട്ടികളിലെ മൊബൈല്‍ ഉപയോഗത്തെ കുറിച്ച് നിരവധി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും മാത്രമല്ല, നിരവധി മാനസിക പ്രയാസങ്ങളും ഇതിന്റെ അമിത ഉപയോഗം കൊണ്ടുവരും. മുന്നറിയിപ്പുകളൊന്നും യാതൊരു തരത്തിലും തെറ്റല്ലെന്ന് തെളിയിക്കുകയാണ് അടുത്തിടെ വിദഗ്ധര്‍ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട്.
ചെറുപ്രായം മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികളില്‍ മാനസിക രോഗങ്ങളും ആത്മഹത്യ ചിന്തകളും അധികമാണെന്നാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ജേണല്‍ ഓഫ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് കേപ്പബിലിറ്റീസില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ലക്ഷത്തിലധികം കുട്ടികളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഞ്ചോ ആറോ വയസുള്ളപ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങുന്ന 31 ശതമാനം കുട്ടികളിലും പില്ക്കാലത്ത് ആത്മഹത്യ ചിന്തകള്‍ ഉണ്ടാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കുട്ടികള്‍ക്ക് 14 വയസ് വരെ മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ അമിത ദേഷ്യം, ഉത്കണ്ഠ, വിരക്തി എന്നിവയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
14 വയസുവരെ രക്ഷിതാക്കള്‍ കുട്ടികളെ മൊബൈല്‍ ഫോണുമായി അടുപ്പിക്കുകയെ ചെയ്യരുതെന്ന് പഠനത്തിന് നേതൃത്വം വഹിച്ച താര ത്യാഗരാജന് പറഞ്ഞു. മാത്രമല്ല 14 വയസിന് ശേഷം മൊബൈല്‍ ഫോണ്‍ നല്കുന്നവരാണെങ്കില് ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുമെല്ലാം കുട്ടികളെ ബോധവാന്മാരാക്കേണ്ടതുണ്ട്.
മൊബൈല്‍ ഫോണ്‍ അമിത ഉപയോഗം അപകടം: ഏറെ നേരം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന ബാല്യം പില്ക്കാലത്ത് വലിയ അപകടങ്ങളാകും. മാനസിക പ്രയാസങ്ങള്‍ക്കൊപ്പം ശാരീരിക അസ്വസ്ഥതകള്‍ക്കും വലിയ രോഗങ്ങള്‍ക്കും അത് വഴിവച്ചേക്കാം. അത്തരത്തിലുണ്ടാകുന്ന രോഗങ്ങളെ കുറിച്ചറിയാം.
കണ്ണുകള്‍ക്ക് കിട്ടും എട്ടിന്റെ പണി: കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കണ്ണുകളിലെ അമിത സമ്മര്‍ദമാണ് അതിന് കാരണമാകുന്നത്. ഏറെ നേരം അങ്ങനെ ഇരിക്കുന്നത് പിന്നീട് ഞരമ്പുകളെ ബാധിക്കും അതോടെ കാഴ്ച മങ്ങല്‍, കണ്ണിലെ വരള്‍ച്ച എന്നിവയ്ക്കും കാരണമാകും.
ഉറക്കത്തെയും ബാധിക്കും: മൊബൈലിന്റെ അമിത ഉപയോഗം ഉറക്ക കുറവിനും ശരിയായ ഉറക്കം ലഭിക്കാതിരിക്കലിനും കാരണമാകും. ഉറങ്ങാന്‍ നേരം ഫോണില്‍ നിന്നും കണ്ണിലേക്ക് വരുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. ഇത് കാരണം ശരിയായ ഉറക്കം ലഭിക്കാതെ വരുന്നു. തുടര്‍ച്ചയായുള്ള ഉറക്ക കുറവ് ഓര്‍മക്കുറവ്, ശാരീരിക അസ്വസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകും.
ഭയക്കണം ടെക്സ്റ്റ് നെക്കിനെ: സ്ഥിരമായി മൊബൈലില്‍ നോക്കി ഇരിക്കുന്നത് കഴുത്ത് വേദന അടക്കമുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. കഴുത്ത് വേദന, നടുവേദന എന്നിവയ്ക്ക് ഇത് കാരണാകും. ടെക്സ്റ്റ് നെക്ക് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ജീവിതം തകര്‍ക്കും മാനസിക രോഗങ്ങള്‍: സോഷ്യല്‍ മീഡിയയിലോ ഗെയിമുകളിലോ അധിക നേരം ചെലവഴിക്കുന്ന കുട്ടികളില്‍ ഏകാന്തത, നിരാശ എന്നിവയടക്കുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു. മാത്രമല്ല ഇത് കുട്ടികളില്‍ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ചിത്രങ്ങളുമായും ഫോട്ടോകളുമായും അവരെ താരതമ്യപ്പെടുത്തും. ഇത് അവരുടെ ആത്മവിശ്വാസത്ത ഇല്ലാതാക്കും.
അക്കാദമിക് പ്രകടനം കുറയും: ശാരീരിക മാനസിക അസ്വസ്ഥതകള്‍ കുട്ടികളിലെ അക്കാദമിക് പ്രകടനത്തെയും മോശമാക്കും. സ്ഥിരമായി ഗെയിം കളിക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വലിയ പ്രയാസമായിരിക്കും. വേഗത്തില്‍ ശ്രദ്ധ തിരിക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് അവരുടെ പഠന മികവിനെ ഇല്ലാതാക്കും.
Be the first to comment