‘സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ’; ‘അമ്മ’ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി

താര സംഘടനയായ ‘അമ്മ’യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.

ഇതാദ്യമായി അമ്മയുടെ തലപ്പത്തേയ്ക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവില്‍ ദേവനെ 27 വോട്ടിന് തോല്‍പ്പിച്ച് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. 57 വോട്ടിനാണ്് രവീന്ദ്രനെ തോല്‍പ്പിച്ചത്.

വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉണ്ണി ശിവപാലാണ് ട്രഷറര്‍. നാല് വനിതകള്‍ ഉള്‍പ്പെടെ പതിനൊന്ന് അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പുതിയ അംഗങ്ങള്‍ക്ക് ദേവന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 506 അംഗങ്ങളില്‍ 296 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍, മമ്മൂട്ടി, പൃഥീരാജ്, ഫഹദ്, അസിഫ് അലി, ഇന്ദ്രജിത്, നിവിന്‍ പോളി എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. അമ്മ എന്ന പേരിന്റെ ഇടയ്ക്ക് വീണ കുത്തുകള്‍ മായ്ച്ച് കളയാനുള്ള കരുത്ത് വിജയിച്ചവരുടെ കൈകള്‍ക്ക് ഉണ്ടാകട്ടെയെന്ന് ദീദി ദാമോദരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹേമ കമ്മിറ്റിക്ക് നന്ദിയെന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*