‘സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു; യുഡിഎഫ് എതിർക്കും’; വിഡി സതീശൻ

തുടർച്ചയായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു. പ്രത്യക്ഷത്തിൽ വെള്ളാപ്പള്ളിയും പരോക്ഷമായി സിപിഐഎമ്മും സംഘ പരിവാർ അജണ്ട നടപ്പാക്കുന്നെന്നും വി ഡി സതീശൻ വിമർശിച്ചു.

എഡിജിപി എം ആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അജിത് കുമാറിനെ മുഖ്യമന്ത്രി വഴിവിട്ട് സഹായിക്കുന്നു എന്നതിന് തെളിവാണ് കോടതി പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എല്ലാ കൊള്ളരുതായ്മയും അജിത് കുമാറിനെക്കൊണ്ട് ചെയ്യിച്ചുവെന്നും അതിനാലാണ് ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുന്നതെന്നും അദേഹം ആരോപിച്ചു. കെഎം മണിക്കെതിരെ കോടതിയുടെ പരോക്ഷ പരാമർശത്തിൽ കാണിച്ച ധാർമികത ഇപ്പോഴും പിണറായി വിജയന് ഉണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കോട്ടയം ജില്ലയിൽ ഒരു എംഎൽഎ ഒഴികെ എല്ലാവരും കുരിശിന്റെ വഴിയെ പോകുന്നവരെന്നും മുസ്ലിം ലീഗ് വർഗീയ വിഷം തുപ്പുന്ന പാർട്ടിയെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. കോട്ടയം രാമപുരത്ത് നടന്ന മീനച്ചിൽ കടുത്തുരുത്തി ശാഖ നേതൃസംഗമത്തിലാണ് വെള്ളാപ്പള്ളി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. ലീഗിനെ വിമർശിച്ചായിരുന്നു തുടക്കം. പിന്നാലെ ക്രൈസ്തവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നെന്ന പരാമർശം. കോട്ടയത്ത് ഒരു എംഎൽഎ മാത്രമാണ് ഈഴവനായി ഉള്ളതെന്നും ബാക്കിയുള്ളവർ കുരിശിന്റെ വഴിയെ പോകുന്നവരാണെന്നും വെള്ളാപ്പള്ളി നടേശൻ.

Be the first to comment

Leave a Reply

Your email address will not be published.


*