വി ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ്‌ ശബ്ദസന്ദേശം; ആലപ്പുഴയിൽ സിപിഐ നേതാവിനെ സസ്‌പെൻഡ് ചെയ്തു

വി ഡി സവർക്കറെ പ്രശംസിച്ച ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഐയിൽ നടപടി. ഷുഹൈബ് മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെയായിരുന്നു വാട്സാപ്പ്‌ ഗ്രൂപ്പിലൂടെ നടന്ന സംഭാഷണത്തിൽ ഷുഹൈബ് വി ഡി സവർക്കറെ പുകഴ്ത്തികൊണ്ട് ശബ്ദ സംഭാഷണം നടത്തിയത്. സവർക്കർ സ്വാതന്ത്ര്യ സമര സേനാനി ആണെന്നും പോരാട്ടത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു, ആൻഡമാനിലെ ജയിലിൽ കിടന്ന് സ്വാതന്ത്ര്യ സമര പോരാളികളെ പരുവപ്പെടുത്തിയെടുക്കുന്നതിൽ വി ഡി സവർക്കർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നുമായിരുന്നു ലോക്കൽ സെക്രട്ടറി വാട്സാപ്പ്‌ ഗ്രൂപ്പിലൂടെ കോൺഗ്രസ് നേതാവിനോട് പറഞ്ഞത്.

വിവാദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് വെണ്മണി ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഷുഹൈബിനെ പുറത്താക്കിക്കൊണ്ട് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം കൂടിയാണ് ഈ നടപടി. എന്നാൽ തന്റെ വാട്സാപ്പ്‌ നമ്പർ ഹാക്ക് ചെയ്‌ത്‌ തെറ്റായ ശബ്ദസന്ദേശം മറ്റാരോ അയച്ചതാണെന്നായിരുന്നു ഷുഹൈബിന്റെ മറുപടി. എന്നാൽ പാർട്ടി ഇത് നേതാവിന്റെ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും അടക്കം 418 അംഗങ്ങളുള്ള ഗ്രൂപ്പിലാണ് സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള സിപിഐ നേതാവ് ഷുഹൈബിന്റെ ശബ്ദസന്ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*