
ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി നിരക്ക് പരിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍, എല്ലാ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും 28 ശതമാനം ജിഎസ്ടി ബാധകമാണ്. കൂടാതെ, എന്ജിന് ശേഷി, നീളം, ബോഡി തരം എന്നിവയെ ആശ്രയിച്ച് 1 ശതമാനം മുതല്‍ 22 ശതമാനം വരെ നഷ്ടപരിഹാര സെസും ഈടാക്കുന്നുണ്ട്. ഇതോടെ നല്‍കേണ്ട പരമാവധി നികുതി 50 ശതമാനം വരെയായിരിക്കുകയാണ്. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് 5 ശതമാനം നികുതി മാത്രമാണ് ചുമത്തുന്നത്. നഷ്ടപരിഹാര സെസ് ഈടാക്കുന്നുമില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. 350 സിസി വരെ എന്ജിന് ശേഷിയുള്ള മോഡലുകള്‍ക്ക് നഷ്ടപരിഹാര സെസ് ഇല്ല. 350 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ളവയ്ക്ക് 3 ശതമാനം സെസും ചുമത്തുന്നുണ്ട്.
ഈ ആഴ്ച അവസാനം ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച മന്ത്രിതല സംഘം കേന്ദ്രത്തിന്റെ നികുതി ഘടന യുക്തിസഹമാക്കാനുള്ള നിര്‍ദേശം അവലോകനം ചെയ്യാന്‍ യോഗം ചേരും. അവരുടെ ശുപാര്‍ശകള്‍ ജിഎസ്ടി കൗണ്‍സിലിന് മുന്നില്‍ വരുന്നതോടെയാണ് അന്തിമ തീരുമാനമാകുന്നത്.
5 ശതമാനം, 18 ശതമാനം സ്ലാബുകള്‍ നിലനിര്‍ത്താനും 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ നീക്കം ചെയ്യാനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത് വിപണിയിലെ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 40 ശതമാനം നികുതി ചുമത്തിയേക്കാം.
Be the first to comment