പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്. പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് മാറ്റമെന്നും ഉത്തരവിൽ പറയുന്നു. ക്ലറിക്കൽ ജോലി പ്രിൻസിപ്പൽമാരും ജോലിഭാരം കുറവുള്ള അധ്യാപകരും ചേർന്നാണ് ചെയ്തുവരുന്നത്. ലൈബ്രറിയുടെ ചുമതല ജോലിഭാരം കുറവുള്ള ഒരു അധ്യാപകന് നൽകിയാൽ മതിയെന്ന് പുതിയ ഉത്തരവ്.

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാൽ ക്ലർക്കുമാരുടെ ജോലികൾ കൂടി പ്രിൻസിപ്പൽമാർ ചെയ്യണമെന്നായിരുന്നു വിവാദ ഉത്തരവ്. ഇത് അധ്യാപക സംഘടനകളിൽ നിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നത്. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു മുഴുവൻ സമയ ക്ലർക്കിന്റെ ആവശ്യമില്ലെന്നും, പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം ആഴ്ചയിൽ എട്ട് പീരിയഡായി കുറച്ചത് അധിക ജോലികൾ കൂടി ചെയ്യാനാണെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. കൂടാതെ ഹയർ സെക്കൻഡറി അധ്യാപകർക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജോലിഭാരമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*