ഗന്ധം അറിയുന്നില്ലേ?; ചിലപ്പോൾ അൽഷിമേഴ്‌സിൻ്റെ തുടക്കമാകാം

ഓർമ്മകൾ നഷ്‌ടപ്പെടാൻ ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ അൽഷിമേഴ്‌സ് ഓർമകളെ വേരോടെ പിഴുതുകൊണ്ടുപോകും. നാഡീ കോശങ്ങളെ സംബന്ധിച്ചുള്ള നിരവധിയായ പഠനങ്ങൾക്കൊടുവിൽ വ്യത്യസ്‌തവും ആശങ്ക ഉയർത്തുന്നതുമായ പുതിയ പഠനമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ചർച്ചാ വിഷയം. ശ്വസിക്കുമ്പോൾ മണം തിരിച്ചറിയാനാകാത്തത് അൽഷിമേഴ്‌സിൻ്റെ പ്രാരംഭ സൂചനയെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്.

ജർമനിയിലെ മ്യൂണിച്ച് ലുഡ്‌വിഗ് മാക്‌സീ മിലിയൻസ് സർവകലാശാലയും ഡിസെഡ്എൻഇ (DZNE- ജർമൻ സെൻ്റർ ഫോർ ന്യൂറോ ഡീജനറേറ്റീവ് സെൻ്റർ ഫോർ ഡിസീസ്) ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പരീക്ഷണം എലികളിലും മനുഷ്യരിലും

ഓർമ്മകൾ മങ്ങിതുടങ്ങുന്നതിന് മുൻപേ പ്രകടമാകുന്ന ലക്ഷണമാണ് ഗന്ധം തിരിച്ചറിയാനാവാതിരിക്കുക എന്നത്. എലികളിലും മനുഷ്യരിലുമായാണ് പഠനം നടത്തിയതെന്നും ഇവരിലെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഫലങ്ങൾ വിശകലനം ചെയ്‌തതെന്നും ഡിസെഡ്എൻഇ (DZNE) ഗവേഷണ കേന്ദ്രം അറിയിച്ചു. ഇത് വേഗത്തിലുള്ള രോഗ നിർണയത്തിനും ചികിത്സയ്ക്കും സഹായമാകുമെന്ന് വിദഗ്‌ദർ അഭിപ്രായപ്പെടുന്നു.

ലോക്കസ് കോറിയോലസും സന്ദേശവും

തലച്ചോറിലെ രോഗ പ്രതിരോധ കോശങ്ങളായ മൈക്രോഗ്ലിയ തലച്ചോറിലെ രണ്ട് പ്രധാന നാഡീ സംയുക്തങ്ങളായ ഓൾ ഫാക്‌ടറി ബൾബ്, ലോക്കസ് കോറിയോലസ് എന്നിവയിലേയ്ക്ക് സന്ദേശം നൽകുന്നതിൻ്റെ തോത് കുറയുന്നതാണ് കാരണമെന്ന് പഠനം പറയുന്നു. ലോക്കസ് കോറിയോലസ് വിവിധ ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കുന്നുണ്ട്.

ഉറക്കം, സ്‌പർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. അൽഷിമേഴ്‌സ് രോഗാവസ്ഥയുടെ പ്രാരംഭ ഘട്ടങ്ങളിൽ ലോക്കസ് കോറിയോലസുമായി തലച്ചോറിനെ ബന്ധിപ്പിക്കുന്ന ഞരമ്പുകളിൽ മാറ്റം സംഭവിക്കുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ മാറ്റത്തെ തടയാനായി മൈക്രോഗ്ലിയ അവയെ തകർക്കുന്നതായി ശാസ്ത്രജ്ഞനായ ഡോ. ലാർസ് പേഗർ പ്രതികരിച്ചു.

രോഗം ബാധിച്ച നാഡികളുടെ പുറം ചട്ടയിലെ ഘടനയിലുണ്ടായ മാറ്റങ്ങളെ കണ്ടെത്തി. സാധാരണയായി ഒരു ന്യൂറോണിൻ്റെ പുറം പാളിയിൽ ഉള്ള ഫാറ്റി ആസിഡായ ഫോസ്‌ഫാറ്റിഡൈൽസെറിൻ (Phosphatidylserine) പുറംതള്ളിയിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.

രോഗാവസ്ഥയുടെ നിർണയത്തിന് സഹായകം

അൽഷിമേഴ്‌സ് ചികിത്സയ്ക്കായി അമിലോയിഡ്-ബീറ്റ ആൻ്റിബോഡികൾ അടുത്തിടെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ നൂതന തെറാപ്പി ഫലപ്രദമാകണമെങ്കിൽ, രോഗാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് ഉപയോഗിക്കാം. അൽഷിമേഴ്‌സ് സാധ്യതയുള്ള രോഗികളെ നേരത്തേ തിരിച്ചറിയുന്നതിന് തങ്ങളുടെ കണ്ടെത്തലുകൾ വഴിയൊരുക്കും.

ഓർമ്മകൾ മങ്ങി തുടങ്ങുന്നതിന് മുൻപേ രോഗനിർണയം സ്ഥിരീകരിക്കുന്നതിന് സമഗ്രമായ പരിശോധനയ്ക്ക് സഹായകമാകും. ഇത് അമിലോയിഡ്-ബീറ്റ ആൻ്റിബോഡികളെ രോഗിയ്ക്ക് നൽകി തുടങ്ങാൻ സാധിക്കുന്നതു മൂലം രോഗാവസ്ഥയുടെ അപകടം കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞനും ഗവേഷകനുമായ ജോക്കിം ഹെർംസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*