
വകുപ്പ് മേധാവിമാരുടെ പരസ്യപ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഡോ. ഹാരിസ് ഹസന് പിന്നാലെ, ഡോ. മോഹൻദാസിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റും ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് നീക്കം. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങൾ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിർദേശം.
സർവീസ് ചട്ടങ്ങൾ ലംഘിക്കരുതെന്നും വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും വകുപ്പ് മേധാവിമാർക്ക് പ്രിൻസിപ്പൽ നിർദേശം നൽകി. ഇന്നലെ ചേർന്ന വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് പ്രിൻസിപ്പലിന്റെ നിർദേശം നൽകി. കെ സോട്ടോ പൂർണ്ണ പരാജയം എന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് തുറന്നടിച്ചിരുന്നു. ആരോഗ്യ സംവിധാനത്തെ ചോദ്യം ചെയ്ത് സാമൂഹിക മാധ്യമത്തിൽ ഇന്നലെയാണ് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ മോഹൻദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഡോക്ടർ മോഹൻദാസിന്റെ പോസ്റ്റ് വാർത്തയായതോടെ ആരോഗ്യവകുപ്പ് ഇടപെടുകയും ഇന്നലെ മെമ്മോ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് വകുപ്പ് മേധാവികൾക്ക് പരസ്യ പ്രതികരണം വിലക്കിക്കൊണ്ടുള്ള താക്കീത് നൽകിയത്.
Be the first to comment